ജെസ്നയുടെ മുഖസാദൃശ്യമുള്ള പെൺകുട്ടിയെ ലോഡ്ജിൽ കണ്ടു, ഒപ്പം യുവാവും: വെളിപ്പെടുത്തലുമായി സ്ത്രീ
Mail This Article
പത്തനംതിട്ട∙ ജെസ്ന തിരോധനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുണ്ടക്കയം സ്വദേശിനി. ജെസ്നയെ കാണാതാകുന്നതിന് രണ്ടു ദിവസം മുൻപ് ഒരു യുവാവിനൊപ്പം ജെസ്നയുടെ മുഖസാദൃശ്യമുള്ള പെൺകുട്ടിയെ ലോഡ്ജിൽ വച്ച് കണ്ടുവെന്നാണ് മുണ്ടക്കയം സ്വദേശിനി അവകാശപ്പെട്ടത്. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച പെൺകുട്ടി എറണാകുളത്ത് ഒരു പരീക്ഷ എഴുതുന്നതിനായി പോകാനെത്തിയതാണെന്നാണ് പറഞ്ഞതെന്നും ഇവർ പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇതുസംബന്ധിച്ച വിവരങ്ങൾ തേടിയിരുന്നു. എന്നാൽ വിവരങ്ങൾ പുറത്തുപറയരുതെന്ന് ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തി. റജിസ്റ്ററിൽ രേഖപ്പെടുത്താതെയാണ് ജെസ്നയ്ക്ക് മുറി നൽകിയത്. 102 ആയിരുന്നു മുറിയുടെ നമ്പർ. പത്രത്തിൽ ജെസ്നയെ കാണുന്നില്ലെന്ന വാർത്ത കണ്ടപ്പോൾ ഇക്കാര്യം ചൂണ്ടിക്കാണിച്ച് ലോഡ്ജ് ഉടമയെ വീണ്ടും സമീപിച്ചു. എന്നാൽ അയാൾ വിവരങ്ങൾ പുറത്തുപറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും മുണ്ടക്കയം സ്വദേശിനി പറഞ്ഞു.
എന്നാൽ ആരോപണം ലോഡ്ജ് ഉടമ നിഷേധിച്ചു. തന്നോടുള്ള വൈരാഗ്യത്തിന്റെ പുറത്താണ് ഇവർ ആരോപണം ഉന്നയിക്കുന്നതെന്നാണ് ലോഡ്ജ് ഉടമ പറയുന്നത്.
അതേസമയം, ഇതുസംബന്ധിച്ച് നേരത്തേ അന്വേഷണം നടത്തിയിരുന്നുവെന്നും അന്വേഷണത്തിൽ ഇവരുടെ മൊഴിയിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ‘മനോരമ’യോട് പറഞ്ഞു. അന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ജെസ്ന ലോഡ്ജ് ഭാഗത്തേക്ക് വരുന്നത് സംബന്ധിച്ച് യാതൊരു തെളിവും ലഭിച്ചിരുന്നില്ലെന്നും അവർ അറിയിച്ചു. അന്വേഷണ സമയത്ത് മുണ്ടക്കയം നഗരത്തിലെ സിസിടിവി ദൃശ്യങ്ങളെല്ലാം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.