ADVERTISEMENT

ന്യൂഡൽഹി∙ പാർട്ടി വിടുമെന്ന സൂചനകൾ നൽകി ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവുമായ ചംപയ് സോറന്‍. പാർട്ടിയിൽ നേരിടേണ്ടി വന്ന അപമാനങ്ങളും തിരസ്കാരങ്ങളും മറ്റൊരു വഴി തിരഞ്ഞെടുക്കാന്‍ തന്നെ നിർബന്ധിതനാക്കുകയാണെന്ന് ചംപയ് സോറൻ എക്സിലെ കുറിപ്പില്‍ വ്യക്തമാക്കി. പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന പ്രചാരണങ്ങൾക്കിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

‘‘എന്റെ ജീവിതത്തിന്റെ പുതിയ അധ്യായം ഇന്ന് ആരംഭിക്കുകയാണ്. എന്റെ മുന്നിൽ മൂന്നു വഴികളാണുള്ളത്. രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുക എന്നതാണ് ഒന്നാമത്തെ വഴി. പുതിയ പാർട്ടി രൂപീകരിക്കുക എന്നത് രണ്ടാമത്തെ വഴി. യോജിച്ചുപോകാവുന്ന മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുക എന്നതാണ് മൂന്നാമത്തെ വഴി. സംസ്ഥാന തിരഞ്ഞെടുപ്പ് വരെ ഈ വഴികൾ തുറന്നു കിടക്കുകയാണ്’’– അദ്ദേഹം എക്സിൽ കുറിച്ചു.

‌പാർട്ടിയിൽ നേരിട്ട അപമാനവും തിരസ്കാരവുമാണ് മറ്റൊരു പാത തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ഇത് വ്യക്തിപരമായ പോരാട്ടമാണെന്നും മറ്റൊരു പാര്‍ട്ടി അംഗത്തെയും ഇതിൽ ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചംപയ് സോറൻ ചൂണ്ടിക്കാട്ടി.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തതിനെത്തുടർന്ന് ഹേമന്ത് സോറൻ രാജിവച്ചപ്പോഴാണ് ചംപയ് സോറൻ മുഖ്യമന്ത്രിയായത്. തുടർന്ന് 5 മാസത്തിനുശേഷം ജാമ്യം ലഭിച്ച് തിരിച്ചെത്തിയ ഹേമന്ത് സോറനുവേണ്ടി ചംപയ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു. ഇതിൽ ചംപയ് അസ്വസ്ഥനായിരുന്നെന്നാണ് വിവരം. പാർട്ടിയിലുണ്ടായ അധികാര തർക്കങ്ങളെ തുടർന്ന് ഹേമന്ത് സോറനുമായി ചംപയ് അകൽച്ചയിലായിരുന്നു. നിലവിൽ ഹേമന്ത് സോറൻ നയിക്കുന്ന സർക്കാരിൽ മന്ത്രിയാണ്.

English Summary:

Jharkhand ex-CM Champai Soren lists three options amid buzz of joining BJP: ‘After so much insult…’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com