‘മമതയിൽ വിശ്വാസം നഷ്ടപ്പെട്ടു’: വിമർശിച്ച് കുടുംബം; പ്രതിഷേധിച്ച് ഫുട്ബോൾ ക്ലബുകളും
Mail This Article
കൊൽക്കത്ത∙ ആർ.ജി.കാര്‍ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ക്ലബുകളുടെ ആരാധകർ വൈര്യം മറന്ന് കൊൽക്കത്തയിൽ ഒരുമിച്ച് പ്രതിഷേധിച്ചു. ഡൽഹിയിലും ഡോക്ടർമാരുടെ പ്രതിഷേധമുണ്ടായി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയിലുള്ള വിശ്വാസം നഷ്ടമായതായി കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ മരിച്ച ഓഗസ്റ്റ് 9ന് നടന്ന സംഭവങ്ങളും കുടുംബം മാധ്യമങ്ങളോട് വിവരിച്ചു.
‘‘മകൾ ആത്മഹത്യ ചെയ്തെന്നു പറഞ്ഞ് 11 മണിക്കാണ് ഫോണ്‍ വന്നത്. രാവിലെ 12ന് ആശുപത്രിയിലെത്തി. 3.30നാണ് മകളുടെ ശരീരം കാണാൻ കഴിഞ്ഞത്. മകളുടെ ശരീരത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല. അവളെ കിടക്കവിരിയിൽ പൊതിഞ്ഞ് കിടത്തിയിരിക്കുകയായിരുന്നു. അവളുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു. ഒന്നും ശേഷിക്കുന്നില്ല. നീതി ലഭിക്കണം’’–പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി മമത ബാനർജിയെയും പിതാവ് വിമർശിച്ചു. ‘‘ നേരത്തേ മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടായിരുന്നു. ഇപ്പോഴില്ല. അവർ ഒന്നും ചെയ്യുന്നില്ല’’– പിതാവ് പറഞ്ഞു.
‘‘മമതയുടെ എല്ലാ പദ്ധതികളും, കന്യാശ്രീ പദ്ധതി, ലക്ഷ്മി പദ്ധതി.. എല്ലാം വ്യാജമാണ്. ഈ പദ്ധതികൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ, അവ ഉപയോഗിക്കുന്നതിന് മുൻപ് നിങ്ങളുടെ ‘ലക്ഷ്മി’ വീട്ടിൽ സുരക്ഷിതമാണോ എന്ന് പരിശോധിക്കണം’’–പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.
ഓഗസ്റ്റ് 9നാണ് പിജി വിദ്യാർഥിനി കൊല്ലപ്പെട്ടത്. 36 മണിക്കൂർ നീണ്ട ഷിഫ്റ്റിനുശേഷം വിശ്രമിക്കാനാണ് സെമിനാർ റൂമിലേക്ക് പെൺകുട്ടി പോയത്. ആശുപത്രിയിൽ വിശ്രമമുറി ഉണ്ടായിരുന്നില്ല. പ്രതിയായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പങ്കാളികളായവരെ പിടികൂടണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. ഒരാൾക്ക് മാത്രമായി ഇത്തരത്തിലുള്ള കുറ്റകൃത്യം നടത്താനാകില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരം സിബിഐയാണ് കേസ് അന്വേഷിക്കുന്നത്. ആശുപത്രി അധികൃതരെ സിബിഐ ചോദ്യം ചെയ്തു.