ADVERTISEMENT

ന്യൂഡൽഹി∙ സ്വകാര്യമേഖലയിൽനിന്ന് ഉദ്യോഗസ്ഥരെ ലാറ്ററൽ എൻട്രി വഴി നിയമിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുപിഎസ്‌സിക്കു പകരം ആർഎസ്എസ് വഴി ഉദ്യോഗസ്ഥരെ നിയമിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇതു ഭരണഘടനയ്ക്കു നേരെയുള്ള അതിക്രമമാണെന്നും രാജ്യവിരുദ്ധ നടപടിയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. എക്സിൽ ഹിന്ദിയിൽ എഴുതിയ കുറിപ്പിലായിരുന്നു രാഹുലിന്റെ പരാമർശം. 

രാഹുലിന്റെ കുറിപ്പിൽനിന്ന്:

‘‘എസ്‌സി – എസ്ടി – ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം പരസ്യമായി പിടിച്ചുപറിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം രാജ്യത്തെ പ്രധാന പദവികളിൽ പിന്നാക്ക വിഭാഗങ്ങൾക്കു പ്രാതിനിധ്യമില്ലെന്നു ഞാൻ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതിനു പരിഹാരം ഉണ്ടാക്കേണ്ടതിനു പകരം ലാറ്ററൽ എൻട്രി വഴി നിയമനം നടത്തുമ്പോൾ പിന്നാക്കക്കാരെ ഉന്നത സ്ഥാനങ്ങളിൽനിന്നു കൂടുതൽ അകറ്റുകയാണ്. യുപിഎസ്‌സി ജോലികൾ ലക്ഷ്യമിട്ട് തയാറെടുപ്പു നടത്തുന്ന യുവതലമുറയുടെ അവകാശം തട്ടിപ്പറിക്കലാണിത്.

സംവരണം അടക്കമുള്ള സാമൂഹികനീതിയെന്ന ആശയത്തിനുനേർക്കുള്ള ആക്രമണം ആണിത്. കോർപ്പറേറ്റുകളുടെ പ്രതിനിധികൾ പ്രധാന സർക്കാർ പദവികൾ കൈവശം വച്ചാൽ എന്തു സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് സെബി. സർക്കാരിന്റേത് രാജ്യവിരുദ്ധ നീക്കമാണ്. ഇതിനെ ഇന്ത്യാ സഖ്യം ശക്തമായി എതിർക്കും. നീക്കം ഭരണനിർവഹണത്തെയും സാമൂഹിക നീതിയെയും വ്രണപ്പെടുത്തും. ഐഎഎസിന്റെ സ്വകാര്യവത്കരണം സംവരണം അട്ടിമറിക്കാനുള്ള മോദിയുടെ ഗ്യാരന്റിയാണ്.’’

ലാറ്ററൽ എൻട്രി വഴി 45 പേർ

10 ജോയിന്റ് സെക്രട്ടറിമാർ, 35 ‍ഡയറക്ടർമാർ അല്ലെങ്കിൽ ഡപ്യൂട്ടി സെക്രട്ടറിമാർ എന്നിവരെ സ്വകാര്യ മേഖലകളിൽനിന്നു നിയമിക്കാനാണ് തീരുമാനം. ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്സ് ആൻഡ് ഐടി, സ്റ്റീൽ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ ക്ഷണിച്ചിരിക്കുന്നത്. സാധാരണഗതിയിൽ ഈ പദവികളിലേക്ക് ഐഎഎസ്, ഐപിഎസ് ഉൾപ്പെടെയുള്ള ഗ്രൂപ്പ് എ സിവിൽ സർവീസ് നേടിയവരെയാണ് പരിഗണിക്കുക.

English Summary:

Privatisation of IAS is 'Modi's guarantee' for ending reservation: Rahul slams lateral entry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com