‘ശക്തമായ നിയമം വേണം’: പിജി ഡോക്ടറുടെ കൊലപാതകത്തിൽ മോദിക്ക് കത്തയച്ച് പത്മ അവാർഡ് ജേതാക്കൾ
Mail This Article
ന്യൂഡൽഹി∙ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് പത്മ അവാർഡ് നേടിയ 70ൽ അധികം ഡോക്ടർമാർ പ്രധാനമന്ത്രിക്ക് കത്തെഴുതി. കൊൽക്കത്തയിൽ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് കത്ത്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംരക്ഷണത്തിനായി ശക്തമായ നിയമനിർമാണം നടത്തണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.
നിലവിലുള്ള നിയമങ്ങൾ ശക്തമായി നടപ്പിലാക്കണമെന്നും, ആശുപത്രികളുടെയും ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു. ഡോക്ടർമാർക്കും ആരോഗ്യമേഖലയിലെ ജീവനക്കാർക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ തടയാന്‍ 2019ൽ ബിൽ തയാറാക്കിയെങ്കിലും പാർലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കാത്ത കാര്യവും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ബിൽ പാസായാൽ മാത്രമേ ആരോഗ്യമേഖലയിലുള്ളവർക്ക് ഭയമില്ലാതെ ജോലി ചെയ്യാൻ കഴിയൂ എത്തും കത്തിൽ വ്യക്തമാക്കി.
ആർ.ജി.കാര്‍ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ ഞായറാഴ്ചയും പ്രതിഷേധം ശക്തമായിരുന്നു. കൊൽക്കത്ത നഗരത്തിനു പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധംനടന്നു. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ക്ലബ്ബുകളുടെ ആരാധകർ കായികമേഖലയിലെ തങ്ങളുടെ വൈര്യം മറന്ന് കൊൽക്കത്തയിൽ ഒരുമിച്ച് പ്രതിഷേധിച്ചു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയിലുള്ള വിശ്വാസം നഷ്ടമായതായി കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.