ജമ്മു കശ്മീരിൽ ഭീകരാക്രമണം; സിആർപിഎഫ് ജവാന് വീരമൃത്യു
Mail This Article
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഉധംപുരിലുണ്ടായ ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു. മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന സിആർപിഎഫ്, ജമ്മു പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) എന്നിവയുടെ സംയുക്ത സംഘത്തിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങൾ സൈനികർ ആരംഭിച്ചു.
ഭീകരർ ശ്രീനഗറിൽനിന്ന് കളംമാറ്റി ജമ്മുവിൽ ആക്രമണം നടത്തുന്നത് തുടരുകയാണ്. ഓഗസ്റ്റ് 14ന് ജമ്മുവിലെ ദോഡ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ക്യാപ്റ്റൻ ദീപക് സിങ്ങാണ് മരിച്ചത്. മേഖലയിൽ ഭീകരാക്രമണങ്ങൾ കൂടുന്ന സാഹചര്യത്തിൽ കഴിഞ്ഞദിവസം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. ഇതിനു പിന്നാലെയാണ് പുതിയ ആക്രമണം. മേഖലയിൽ കൂടുതൽ സിആർപിഎഫ് ജവാന്മാരെയും പൊലീസിനെയും വിന്യസിക്കാൻ യോഗത്തിൽ തീരുമാനമെടുത്തിരുന്നു.
ഓഗസ്റ്റ് 10ന് അനന്ത്നാഗിൽ രണ്ട് സൈനികരും ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചു. ഈ വർഷം ജൂലൈ 21 വരെ ജമ്മുകശ്മീരിൽ ഭീകരാക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെട്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. 11 ഭീകരാക്രമണങ്ങളും 24 ഭീകരവിരുദ്ധ നടപടികളും ഇക്കാലയളവിലുണ്ടായി. ജമ്മുകശ്മീരിൽ അടുത്തമാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭീകരാക്രമണങ്ങളിൽ വർധനയുണ്ടാകുന്നത്.