‘ബിജെപിയുടെയും ജെഡിഎസിന്റെയും ഗൂഢാലോചന; ഗവർണർ പദവി സർക്കാരിനെ അസ്ഥിരപ്പെടുത്താനോ?’
Mail This Article
കൊച്ചി∙ പാവപ്പെട്ടവർക്കും അടിസ്ഥാന ജനവിഭാഗങ്ങൾക്കും വേണ്ടിയുള്ള ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കർണാടകയിലെ സിദ്ധരാമയ്യ സർക്കാരിനെ തകർക്കാനുള്ള ബിജെപിയുടെയും ജെഡിഎസിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ് ഭൂമി ഇടപാട് ആരോപണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. കോൺഗ്രസ് ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. കളമശേരിയിൽ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘കോൺഗ്രസ് ആശയങ്ങളിൽ അധിഷ്ഠിതമായിട്ടാണ് സിദ്ധരാമയ്യ സർക്കാർ പ്രവർത്തിക്കുന്നത്. അതിൽ വിറളി പൂണ്ട ചില വിഭാഗങ്ങൾ അദ്ദേഹത്തെ പുറത്താക്കാൻ വേണ്ടി ബിജെപിയിലൂടെ നടപ്പാക്കുന്ന ഗൂഢനീക്കമാണിത്. ഗവർണറെ അതിൽ കരുവാക്കുകയാണ്. ഈ വിഷയത്തിൽ ഗവർണർക്ക് എന്താണ് പങ്ക് ? ആരെങ്കിലും ഒരു സ്വകാര്യ പരാതി നൽകിയാൽ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി കൊടുക്കുകയാണോ ഗവർണർ ചെയ്യേണ്ടത് ? ഗവർണർ എന്ന പദവി ഒരു സർക്കാരിനെ അസ്ഥിരപ്പെടുത്താനാണോ ഉപയോഗിക്കേണ്ടത് ? യെഡിയൂരപ്പ സർക്കാരിന്റെ കാലത്ത് ഉയർന്ന അഴിമതി ആരോപണങ്ങൾക്കെതിരെ ഈ ഗവർണർ ഒരക്ഷരം മിണ്ടിയിട്ടില്ല’’ – കെ.സി. വേണുഗോപാൽ പറഞ്ഞു.
നേതാക്കൾ കൂറുമാറിയാൽ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ലെന്ന് വിവിധ തിരഞ്ഞെടുപ്പിലൂടെ ജനം തെളിയിച്ചിട്ടുണ്ട്. ജമ്മു കശ്മീർ, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും കോൺഗ്രസും ഇന്ത്യാസഖ്യവും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. കേരളത്തിൽ നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫും കോൺഗ്രസും പൂർണ സജ്ജമാണെന്നും വേണുഗോപാൽ പറഞ്ഞു.