എൻഎസ്എസ് ക്യാംപിൽ എട്ടാം ക്ലാസുകാരിക്ക് പീഡനം; യുവ നേതാവ് അറസ്റ്റിൽ
Mail This Article
ചെന്നൈ∙ എൻഎസ്എസ് ക്യാംപിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചതായി പരാതി. നാം തമിഴർ കക്ഷിയുടെ യുവജന വിഭാഗം മുൻ നേതാവായ ശിവരാമനെ കോയമ്പത്തൂരിൽ ഒളിവിൽ കഴിയുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് ഇയാളുടെ കാലൊടിഞ്ഞു. എൻഎസ്എസ് കുട്ടികൾക്ക് പരിശീലനം നൽകാൻ സ്കൂൾ അധികൃതരുടെ അനുമതിയോടെയാണ് ഇയാൾ ക്യാംപിലെത്തിയത്.
സ്കൂൾ പ്രിൻസിപ്പലിനെയും അഞ്ചു പേരെയും ബഗുർ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽപോകാൻ സഹായിച്ചതിനാണ് ബന്ധുക്കളായ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. 17 പെണ്‍കുട്ടികളാണ് ക്യാംപിൽ പങ്കെടുത്തതെന്നും സ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു ക്യാംപ് നടന്നതെന്നും കൃഷ്ണഗിരി എസ്പി മാധ്യമങ്ങളോട് പറഞ്ഞു. ഓഗസ്റ്റ് 8നാണ് പീഡനം നടന്നത്. പെൺകുട്ടി പ്രിൻസിപ്പലിനോട് വിവരം പറഞ്ഞെങ്കിലും ആരോടും പറയരുതെന്ന് നിർദേശിക്കുകയാണ് ചെയ്തത്.
ആരോഗ്യനില വഷളായതിനെ തുടർന്ന് ഓഗസ്റ്റ് 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞത്. വീട്ടുകാർ പൊലീസിൽ പരാതി നൽകി. ശിവരാമനെ കൂടാതെ സുധാകർ എന്നയാളും സംഭവത്തിൽ പ്രതിയാണ്. നാം തമിഴർ കക്ഷിയുടെ യുവജന വിഭാഗം കൃഷ്ണഗിരി ഈസ്റ്റ് മേഖലാ സെക്രട്ടറിയായിരുന്നു ശിവരാമൻ. സംഭവത്തെ തുടർന്ന് ശിവരാമനെ സ്ഥാനത്തുനിന്ന് നീക്കി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.