ADVERTISEMENT

വടകര∙ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടോടി ശാഖയിലെ സ്വർണ തട്ടിപ്പിൽ മുഖ്യപ്രതിയെന്നു സംശയിക്കുന്ന മുൻ മാനേജർ മധ ജയകുമാർ തെലങ്കാനയിൽ പൊലീസിന്റെ പിടിയിലായി. തമിഴ്നാട് മേട്ടുപ്പാളയം പാത്തി സ്ട്രീറ്റിലെ താമസക്കാരനായ മധ ജയകുമാർ തട്ടിപ്പ് വിവരം പുറത്തുവന്നശേഷം ഒളിവിലായിരുന്നു. 17 കോടിരൂപവരുന്ന 26 കിലോ സ്വർണം മുക്കുപണ്ടം വച്ച് തട്ടിയെടുത്തതായാണ് പരാതി. കുറ്റങ്ങൾ മധ ജയകുമാർ നിഷേധിച്ചു. ബാങ്ക് അധികൃതർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന ആരോപണവും ഉന്നയിച്ചു.

മധ ജയകുമാറിന് കൊച്ചിയിലേക്ക് സ്ഥലംമാറ്റം കിട്ടിയെങ്കിലും ജോലിക്ക് കയറിയിരുന്നില്ല. വടകര ശാഖയിൽ പുതുതായി വന്ന മാനേജർ നടത്തിയ കണക്കെടുപ്പിലാണ് മുക്കുപണ്ടം വച്ച് തട്ടിപ്പു നടത്തിയ വിവരം പുറത്തുവരുന്നത്. സ്വകാര്യ സ്ഥാപനത്തിന്റെ സ്വർണമാണ് മുക്കുപണ്ടംവച്ച് തട്ടിയെടുത്തത്. 2021ലാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടോടി ശാഖയിൽ മധജയകുമാർ മാനേജറായി എത്തിയത്. ജൂലൈയിലാണ് പാലാരിവട്ടം ശാഖയിലേക്ക് സ്‌ഥലം മാറ്റിയത്. വടകര ശാഖയിലെ ഇപ്പോഴത്തെ മാനേജർ ഈസ്‌റ്റ് പള്ളൂർ സ്വദേശി ഇർഷാദിന്‍റെ പരാതിയിലാണ് വടകര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ ദിവസം വിഡിയോ സന്ദേശത്തിൽ ആരോപണങ്ങൾ മധ ജയകുമാർ നിഷേധിച്ചിരുന്നു. ഒളിവിൽ പോയിട്ടില്ലെന്നും അവധിയിൽ ‍പ്രവേശിച്ചതാണെന്നും മധ ജയകുമാർ വ്യക്തമാക്കി. അവധിയെടുക്കുന്ന വിവരം ഇ മെയിലിലൂടെ ഔദ്യോഗികമായി അറിയിച്ചിരുന്നു. കേസിൽ തനിക്ക് ബന്ധമില്ലെന്നും മധ ജയകുമാർ പറഞ്ഞു. ആരോപണങ്ങൾ പൊലീസ് അന്വേഷിക്കും. മധ ജയകുമാറിനെ ചോദ്യം ചെയ്താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

English Summary:

Vatakara Fraud: Bank Manager Caught

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com