ADVERTISEMENT

മേപ്പാടി∙ ഒരു മാസം മുൻപായിരുന്നു ശ്രുതിയുടെ വീടിന്റെ പാലുകാച്ചലും വിവാഹ നിശ്ചയവും‌. ശ്രുതിയുടെ വീടിരുന്ന സ്ഥലത്ത് ഇപ്പോൾ വലിയൊരു കല്ല് മാത്രം. ഉരുൾപൊട്ടൽ ശ്രുതിയുടെ കുടുംബത്തെ തുടച്ചു നീക്കി. അച്ഛനും അമ്മയും അനുജത്തിയും പുത്തൻ വീടും ഒലിച്ചുപോയി. കോഴിക്കോട് ജോലി സ്ഥലത്തായിരുന്നതിനാൽ ശ്രുതി മാത്രം ജീവനോടെ ശേഷിച്ചു. വല്യച്ഛനും ചെറിയച്ഛനും ഉൾപ്പെടെ 9 പേരെയാണ് ശ്രുതിക്ക് ദുരന്തത്തിൽ നഷ്ടമായത്. മേപ്പാടി ദുരിതാശ്വാസ ക്യാംപിലേക്ക് മാറിയ ശ്രുതിക്ക് ഇപ്പോൾ പ്രതിശ്രുത വരൻ ജെൻസൻ മാത്രമാണുള്ളത്. 

അമ്പലവയൽ സ്വദേശി ജെൻസനും ശ്രുതിയും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഒടുവിൽ വീട്ടുകാരുടെ സമ്മതം ലഭിച്ചതോടെ വിവാഹനിശ്ചയം നടന്നു. ഒരു മാസത്തിനുശേഷം എല്ലാം തകർത്ത് ദുരന്തമെത്തി. കുടുംബത്തിലെ എല്ലാവരും നഷ്ടപ്പെട്ട ശ്രുതിക്ക് ഏക ആശ്രയം ഇപ്പോൾ ജെൻസനാണ്. ദുരിതാശ്വാസ ക്യാംപിൽ ജെൻസൻ ശ്രുതിക്കൊപ്പമുണ്ട്. കുറച്ചു നേരംപോലും ശ്രുതിക്ക് ജെൻസനെ പിരിഞ്ഞിരിക്കാൻ സാധിക്കില്ല. തിങ്കളാഴ്ച ശ്രുതി ബന്ധുവായ ചേച്ചിയുടെ വീട്ടിലേക്ക് താമസം മാറി. ചേച്ചിയുടെ വീടും ഉരുൾപൊട്ടലിൽ തകർന്നതിനാൽ ഇവർ കൽപറ്റയിൽ വാടകയ്ക്ക് വീടു കണ്ടെത്തി. ഈ വീട്ടിലേക്കാണ് ശ്രുതിയും താമസം മാറിയത്. 

ശ്രുതിയും കുടുംബവും (Photo- Special Arrangement)
ശ്രുതിയും കുടുംബവും (Photo- Special Arrangement)

ആയുഷ്കാലത്തെ സമ്പാദ്യമെല്ലാം കൂട്ടിവച്ചാണ് ശ്രുതിയുടെ അച്ഛൻ വീട് നിർമിച്ചത്. അച്ഛൻ ശിവണ്ണന് കൂലിപ്പണിയായിരുന്നു. അമ്മ സബിത സെയിൽസ് വുമണും. അനുജത്തി ശ്രേയയെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. കൽപറ്റ എൻഎംഎസ്എം ഗവ.കോളജിൽ ബിരുദ വിദ്യാർഥിയായിരുന്നു ശ്രേയ. ശ്രേയയുടെ മൃതദേഹം മാത്രമാണ് ശ്രുതിക്ക് കാണാനായത്. ഉറ്റവർ ഉരുളിൽ ഒഴുകി പോയതിന്റ ഓർമ ശ്രുതിയെ വിടാതെ പിന്തുടരുന്നുണ്ട്. ദുഃസ്വപ്നങ്ങൾ കണ്ട് രാത്രി ശ്രുതി ഞെട്ടിയുണരും.

ശ്രുതിയും കുടുംബവും (Photo- Special Arrangement)
ശ്രുതിയും കുടുംബവും (Photo- Special Arrangement)

ശ്രുതിയുടെ വിവാഹം ഡിസംബറിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് സെപ്റ്റംബറിലേക്ക് മാറ്റി. വിവാഹത്തിന് വേണ്ടി നാലര ലക്ഷം രൂപയും പതിനഞ്ച് പവനും സ്വരുക്കൂട്ടി വെച്ചിരുന്നു. അതും മണ്ണിൽ എവിടെയോ പോയി. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞാൽ ഉടൻ വിവാഹം നടത്തുമെന്ന് ജെൻസൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. വിവാഹം ചെറിയ ചടങ്ങായി നടത്തി ശ്രുതിയെ കൂടെകൊണ്ടുപോകാനാണ് ജെൻസന്റെ തീരുമാനം.  

English Summary:

Survivor's Agony: Shruti Left Alone After Landslide Wipes Out Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com