ADVERTISEMENT

തിരുവനന്തപുരം∙ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി സമര്‍പ്പിച്ച പ്രധാന ശുപാര്‍ശകളില്‍ ഒന്നായ, ജില്ലാ ജഡ്ജിയുടെ അധികാരമുള്ള പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരണം അടുത്തൊന്നും ഉണ്ടാകാനുള്ള സാധ്യത തെളിയുന്നില്ല. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ സര്‍ക്കാരിന് പരിഗണിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും വിശദമായ പരിശോധനയ്ക്കായി മാറ്റിവച്ചിരിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് ലൈംഗികമായ ചൂഷണങ്ങളില്‍നിന്നും അതിക്രമങ്ങളിൽനിന്നും സംരക്ഷണം നല്‍കാന്‍ ജില്ലാ ജഡ്ജിയുടെ അധികാരമുള്ള പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി നല്‍കിയ നിര്‍ണായക ശുപാര്‍ശ. ഇതും കഴിഞ്ഞ നാലര വര്‍ഷം സര്‍ക്കാര്‍ കോള്‍ഡ് സ്‌റ്റോറേജില്‍ വച്ചിരിക്കുകയായിരുന്നു. പണമില്ലാത്തതുകൊണ്ടാണോ അതോ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനം സിനിമാമേഖലയുടെ നിയന്ത്രണത്തിലേക്ക് എത്തുന്നതില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള എതിര്‍പ്പാണോ സര്‍ക്കാരിനെ പിന്നോട്ടു വലിക്കുന്നതെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഉയര്‍ത്തുന്ന സംശയം. 

എന്തുകൊണ്ടാണ് പ്രത്യേക ട്രൈബ്യൂണല്‍ അനിവാര്യമാകുന്നതെന്നും കമ്മിറ്റി കൃത്യമായി വിശദീകരിച്ചിരുന്നു. സിനിമാ മേഖലയില്‍ തൊഴിലാളി-തൊഴില്‍ ഉടമ ബന്ധം രൂപപ്പെടുന്നതിനും മുന്‍പു തന്നെ സ്ത്രീകളെ ചൂഷണം ചെയ്യുന്ന പ്രവണത ആരംഭിക്കുന്നതിനാല്‍ പോഷ് നിയമം (ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനം (തടയല്‍, നിരോധനം, പരിഹാരം) നിയമം, 2013) നടപ്പാക്കാന്‍ പരിമിതികള്‍ ഉള്ള സാഹചര്യത്തില്‍ പ്രത്യേക സംവിധാനം വേണമെന്നാണ് ഹേമ കമ്മിറ്റി നിര്‍ദേശിച്ചത്. ഇതിനായി ‘ദ് കേരള സിനി എംപ്ലോയേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് റെഗുലേഷന്‍ ആക്ട് 2020’ നടപ്പാക്കണമെന്നും കമ്മിറ്റി നിര്‍ദേശത്തിലുണ്ട്. 

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ നിയമവിരുദ്ധമായ പ്രവൃത്തികള്‍ ഉണ്ടാകുന്നത് തടയാന്‍ ഉതകുന്ന വകുപ്പുകള്‍ നിയമത്തില്‍ ഉണ്ടാകണം. കുറ്റക്കാര്‍ക്കെതിരെ പിഴ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ ഉറപ്പാക്കണം. ഒരു പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിക്കാനുള്ള സംവിധാനം ഒരുക്കി റിട്ട. ജില്ലാ ജഡ്ജിയെ നിയമിക്കണം. കുറഞ്ഞത് അഞ്ചു വര്‍ഷം പ്രവൃത്തിപരിചയമുള്ള വനിതാ ഉദ്യോഗസ്ഥയെ നിയമിക്കുന്നത് കൂടുതല്‍ ഉചിതമാകുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ മാത്രമേ റിവിഷന്‍ സാധ്യത ഉണ്ടാകാവൂ എന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. ഓരോ പരാതിയുടെയും സ്വഭാവം കണക്കിലെടുത്ത്  സിനിമാ മേഖലയിലും അല്ലാതെയുമുള്ള വിഷയവിദഗ്ധര്‍, കൗണ്‍സിലര്‍മാര്‍, മധ്യസ്ഥര്‍, ഡോക്ടര്‍, മനഃശാസ്ത്ര വിദഗ്ധര്‍, അഭിഭാഷകര്‍ തുടങ്ങിയവരുടെ സഹായം തേടാന്‍ ട്രൈബ്യൂണലിന് അധികാരമുണ്ടായിരിക്കണം. അന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരെ വേണമെങ്കിലും കമ്മിഷനായി നിയമിക്കാന്‍ ട്രൈബ്യൂണലിന് കഴിയും.

പരാതി ലഭിച്ചു കഴിഞ്ഞാല്‍ ആദ്യഘട്ടമെന്ന നിലയില്‍ കൗണ്‍സിലിങ്ങിലൂടെയോ മധ്യസ്ഥതയിലൂടെയോ പരിഹാരം കാണാന്‍ ട്രൈബ്യൂണലിനെ അധികാരപ്പെടുത്തണം. സ്വയം മധ്യസ്ഥത വഹിക്കാനും ട്രൈബ്യൂണലിനു സാധ്യത നല്‍കണം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ ട്രൈബ്യൂണല്‍ കൈകാര്യം ചെയ്യാന്‍ പാടില്ലെന്നും ഹേമ കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ട്രൈബ്യൂണലിനു മുന്നില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് കോടതിയെ സമീപിക്കാനോ നിയമനടപടികള്‍ സ്വീകരിക്കാനോ തടസ്സമുണ്ടാകാന്‍ പാടില്ല. 

ട്രൈബ്യൂണല്‍ നടപടികള്‍ റിക്കോര്‍ഡ് ചെയ്യപ്പെടണം. എന്നാല്‍ പരാതിക്കാരുടെ പേരുവിവരങ്ങളും മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കാന്‍ പാടില്ല. സിവില്‍ കോടതിയുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബ്യൂണലിന് ക്രിമിനല്‍ വിചാരണ നടത്താനുള്ള അധികാരമുണ്ടാകരുതെന്നും ഹേമ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുകയോ സിനിമാ വിലക്ക് ഏര്‍പ്പെടുത്തുകയോ ചെയ്‌തെന്നു തെളിഞ്ഞാല്‍ അത്തരക്കാരില്‍നിന്നു പിഴ ചുമത്തുകയും ജയില്‍ ശിക്ഷ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാനും ട്രൈബ്യൂണലിന് അധികാരമുണ്ടായിരിക്കണമെന്നും ഹേമ കമ്മിറ്റി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com