വേണുവിന്റെ ‘ശാർ’ ഇനി ചീഫ് സെക്രട്ടറി; ട്രെയിനിലെ സെക്കൻഡ് ക്ലാസിൽ മൊട്ടിട്ട പ്രണയം
Mail This Article
കോട്ടയം ∙ തിരുവനന്തപുരം കവടിയാറിലെ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയിൽ ഓഗസ്റ്റ് 31ന് കേരള സ്റ്റേറ്റ് 55 എന്ന നമ്പറുള്ള കാറിൽ ഡോ.വി. വേണു സെക്രട്ടേറിയറ്റിലേക്ക് യാത്ര തിരിക്കും. ചീഫ് സെക്രട്ടറിയെന്ന നിലയിൽ ഔദ്യോഗിക കാറിലെ വേണുവിന്റെ അവസാന യാത്രയാകും അത്. പക്ഷേ അന്നു വൈകിട്ട് ആ കാർ വീണ്ടും വീട്ടിലെത്തും. കാറിൽ വേണുവിനു പകരം ഭാര്യ ശാരദ മുരളീധരനായിരിക്കും. ചീഫ് സെക്രട്ടറി പദവിയിൽനിന്ന് ഡോ.വി. വേണു പടിയിറങ്ങുമ്പോൾ, ഭർത്താവിനു പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറിയാകുന്നു എന്ന അപൂർവതയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
വേണുവിന്റെ മഹാമനസ്കത പ്രണയമായി
വർഷം 1990. സിവിൽ സർവീസ് പരീക്ഷാഫലത്തിൽ കോഴിക്കോടുകാരൻ വി.വേണുവിന് 26-ാം റാങ്ക്. തിരുവനന്തപുരത്തുകാരി ശാരദ മുരളീധരന് 52-ാം റാങ്ക്. തിരുവനന്തപുരത്തേക്ക് വണ്ടി കയറിയപ്പോൾ ഒരു സുഹൃത്താണ് പരിചയപ്പെടാൻ പറ്റിയ ആളാണെന്ന് പറഞ്ഞ് വേണുവിനോട് ശാരദയെ കുറിച്ച് പറയുന്നതും കാണുന്നതും. ഡൽഹിയിലേക്ക് പോകുന്ന സമയത്ത് വേണുവിനോട് ശാരദയുടെ അച്ഛൻ പറഞ്ഞു ‘‘ഞങ്ങൾ മോളെ ഡൽഹിയിലേക്ക് വിടുന്നുണ്ട്. ഞങ്ങൾ കൂടെ വരുന്നില്ല. നിങ്ങൾ ഒരുമിച്ച് യാത്ര ചെയ്‌താൽ നന്നായിരുന്നു.’’ കേരള എക്സ്പ്രസിലെ സെക്കൻഡ് ക്ലാസിലായിരുന്നു യാത്ര. യാത്രയിൽ തൊട്ടടുത്തിരുന്ന വ്യക്തിക്ക് റിസർവേഷൻ സീറ്റില്ലായിരുന്നു. അയാൾക്ക് തന്റെ സീറ്റ് നൽകി തറയിൽ പത്രം വിരിച്ച് വേണു അവിടെ കിടന്നുറങ്ങി. ഇതുകണ്ട ശാരദയുടെ മനസ്സിൽ ആ നിമിഷം പ്രണയം പൊട്ടിമുളച്ചു.
ജീവിതം എടുത്തുചാട്ടമായില്ല
മസൂറിയിലെ ട്രെയിനിങ് സമയമായിരുന്നു പ്രണയകാലം. വേണു പ്രണയം തുറന്നുപറഞ്ഞപ്പോഴേക്കും കുറച്ചെങ്കിലും നേരത്തേ പറഞ്ഞുകൂടായിരുന്നോ എന്നായിരുന്നു ശാരദയുടെ ചോദ്യം. ട്രെയിനിങ് കാലത്ത് ഭാരത ദർശൻ എന്ന പരിപാടിയിലൂടെ വേണുവും ശാരദയും ഒരുമിച്ച് ഇന്ത്യ കണ്ടു. കശ്‌മീരും മധ്യപ്രദേശിലെ കാടുകളും രാജസ്ഥാൻ മരുഭൂമിയും മുംബൈ മഹാനഗരവുമെല്ലാം കണ്ടു. ആ യാത്രകൾ അവരെ കൂടുതൽ അടുപ്പിച്ചു.
ജാതിയുടെ ചട്ടക്കൂടുകൾ ഭേദിച്ച അറുപതുകളിലെ പ്രണയവിവാഹമായിരുന്നു ശാരദയുടെ മാതാപിതാക്കളുടേത്. അച്ഛൻ അമേരിക്കയിൽ നിന്നാണ് പിഎച്ച്ഡി എടുത്തത്. ബന്ധുക്കൾ ഭൂരിപക്ഷവും അമേരിക്കയിലാണ്. ആ പുരോഗമന ചുറ്റുപാടിൽനിന്നു വ്യത്യസ്‌തമായി, ഗ്രാമീണ യാഥാസ്ഥിതിക കുടുംബമായിരുന്നു വേണുവിന്റേത്. പ്രണയവിവാഹത്തെ വീട്ടുകാർ എതിർത്തെങ്കിലും താൻ എടുത്തുചാടിയെന്ന് വേണു പറയും. അത് പിന്നീടൊരിക്കലും എടുത്തുചാട്ടമായി തോന്നിയിട്ടുമില്ല.
ട്രെയിനിങ് കാലം മുതൽ ഇനിഷ്യൽ ചേർത്ത് വി.വേണുവെന്നാണ് ശാരദ വിളിക്കുന്നത്. വേണു സ്‌നേഹം കൂടുമ്പോൾ ശാർ എന്ന് നീട്ടിവിളിക്കും. കല്യാണം കഴിഞ്ഞപ്പോൾ വേണു പാലാ സബ് കലക്‌ടറും ശാരദ ചെങ്ങന്നൂർ സബ് കലക്ടറുമായിരുന്നു. ആഴ്ചയിൽ ഒരിക്കൽ പോലും കാണാൻ പറ്റുമായിരുന്നില്ല. അന്ന് വിഷമമൊക്കെ തോന്നി. ഇടയ്‌ക്കൊക്കെ വേണു ബസിൽ കോട്ടയം വഴി ചെങ്ങന്നൂരിൽ പോയാണ് പരസ്പരം കാണാനുള്ള അവസരം കണ്ടെത്തിയിരുന്നത്.
അപകടം തളർത്തിയില്ല
കായംകുളത്തുണ്ടായ വലിയ വാഹനാപകടത്തിൽനിന്നു രക്ഷപ്പെട്ടാണ് വേണു ചീഫ് സെക്രട്ടറി പദിവിയിലേക്കെത്തിയത്. കാറിൽ വേണുവും ശാരദയുമുണ്ടായിരുന്നു. ഏതോ ചില ശക്തികൾ കാരണമായിരിക്കാം രക്ഷപ്പെട്ടതെന്ന് വേണു പിന്നീടു പറഞ്ഞു. ‘‘ചില കാര്യങ്ങൾ കൂടി ഞങ്ങൾക്ക് ചെയ്യാനുണ്ടെന്നാണ് രക്ഷപ്പെട്ടപ്പോൾ തോന്നിയത്. ചീഫ് സെക്രട്ടറി സ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല. എന്റെ സീനിയറായ ആൾക്കാർ കേരളത്തിലുണ്ടായിരുന്നു. അവരൊക്കെ ഉളളപ്പോൾ നമ്മൾ അതിനെപ്പറ്റി ചിന്തിച്ചിരുന്നില്ല. ഇവിടുത്തെ ധനകാര്യ സെക്രട്ടറി ഡൽഹിയിലേക്ക് പോയപ്പോഴാണ് എനിക്ക് ഈ പദവി കിട്ടാൻ സാധ്യതയുണ്ടെന്ന് പലരും പറഞ്ഞുതുടങ്ങിയത്. എന്നെക്കാൾ സീനിയറായ മൂന്നു പേർ ഡൽഹിയിലുണ്ടായിരുന്നു. അവരിൽ ആരെങ്കിലും തിരിച്ചുവന്നാൽ എനിക്ക് ചീഫ് സെക്രട്ടറി സ്ഥാനം കിട്ടില്ലെന്ന് അവരോടൊക്കെ ഞാൻ പറയുമായിരുന്നു. പക്ഷേ എല്ലാം കൂട്ടിവായിക്കുമ്പോൾ ഇതിനുവേണ്ടിയാണ് അപകടത്തിൽ നിന്നുളള തിരിച്ചുവരവെന്ന് തോന്നി’’ – വേണു പറഞ്ഞു.
സിംപിൾ ശാരദ
വേണുവിന്റെ അഭിപ്രായത്തിൽ താൻ കണ്ട ഏറ്റവും സിംപിളായ വ്യക്തിയാണ് ശാരദ. ഹൃദയത്തിൽനിന്ന് മാത്രം സംസാരിക്കുകയും പ്രവർത്തിക്കുകയും ആലോചിക്കുകയും ചെയ്യുന്ന നിഷ്‌കളങ്ക. പക്ഷേ ഒരു കാര്യത്തിലേക്ക് ഇറങ്ങിയാൽ ശാരദ അറ്റം വരെ പോകും. സ്വന്തം കാര്യമൊക്കെ മറക്കും. എല്ലാത്തിനെയും എക്‌സ്‌ട്രീമിലേക്ക് കൊണ്ടുപോകുന്ന സ്വഭാവമാണ്. അതിനോട് വേണുവിനു യോജിപ്പില്ല. അതിന്റെ പേരിൽ പരസ്പരം കലഹിക്കും.
ഹൊറർ കണ്ടാൽ കണ്ണടയ്ക്കും
എല്ലാം സിനിമകളും ശാരദയ്ക്ക് ഇഷ്ടമാണ്. ആക്‌ഷൻ, കോമഡി, റൊമാൻസ്, ആനിമേഷൻ എല്ലാം ആസ്വദിക്കും. പക്ഷേ ഹൊറർ പടങ്ങള്‍ പറ്റില്ല. ഹൊറർ കണ്ടാൽ അപ്പോൾ കണ്ണടച്ച് കളയുമെന്നാണ് ശാരദ പറയുന്നത്.
വീട്ടിലെ ചീഫ് സെക്രട്ടറി ആര് ?
വീട്ടിലെ ചീഫ് സെക്രട്ടറി ആരാണെന്ന് ചോദിച്ചാൽ ഇരുവരും പൊട്ടിച്ചിരിക്കും. ‘‘എല്ലാ കാര്യവും തുല്യമായി പങ്കിട്ട് ജീവിക്കുന്നവരാണ് ഞങ്ങൾ. ഒരാൾ പറയുന്നത് മറ്റൊരാൾ കേൾക്കണം എന്ന നിബന്ധന ആദ്യം മുതൽ ഇല്ല. പ്രധാനപ്പെട്ട കാര്യങ്ങൾ ഉൾപ്പെടെ കുട്ടികളുമായി ആലോചിച്ചാകും തീരുമാനിക്കുക’’ – എന്നാണ് വേണുവിന്റെ ഉത്തരം.
വാസുദേവ പണിക്കരുടെയും ഡോ. പി.ടി.രാജമ്മയുടെയും മകനായി കോഴിക്കോടാണ് വേണുവിന്റെ ജനനം. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് നേടി. ഷാർജയിൽ ഫിനാൻസ് പ്രഫഷനൽ ആയ രാജു വാസുദേവൻ, ഡോ. ലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്. തിരുവനന്തപുരം എൻജിനീയറിങ് കോളജ് പ്രഫസർമാരായിരുന്ന മുരളീധരന്റെയും ഗോമതിയുടെയും മകളാണ് ശാരദ മുരളീധരൻ. വേണുവിന്റെയും ശാരദയുടെയും മക്കളായ കല്യാണിയും ശബരിയും ജോലി ചെയ്യുന്നത് ബെംഗളൂരുവിലാണ്. കല്യാണി കംടെപററി ഡാൻസ് ആർട്ടിസ്റ്റാണ്. അനിമേഷൻ– കാർട്ടൂണിസ്റ്റ് ഡിസൈനറാണ് ശബരി.