‘തിരികെ കിട്ടിയത് മകളുടെ മൃതദേഹം; ഒരൊറ്റ രാത്രി കൊണ്ട് സ്വപ്നങ്ങളെല്ലാം തകർന്നു’
Mail This Article
കൊൽക്കത്ത∙ ഒറ്റ രാത്രികൊണ്ട് സ്വപ്നങ്ങളെല്ലാം തകർന്നെന്ന് ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ്. ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് പിതാവ് മനസ്സുതുറന്നത്.
‘‘ഡോക്ടറാകുന്നതിനായി അവൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവൾക്ക് പഠനം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ എല്ലാവരുടെയും സ്വപ്നങ്ങളാണ് ഒറ്റ ദിവസംകൊണ്ട് തകർന്നുപോയത്. ഞങ്ങൾ അവളെ ജോലിക്കാണ് അയച്ചത്. ആശുപത്രി ഞങ്ങൾക്ക് തിരികെ തന്നത് അവളുടെ മൃതദേഹമാണ്. ഞങ്ങളെ സംബന്ധിച്ച് എല്ലാം അവസാനിച്ചു.’’– പിതാവ് പറഞ്ഞു.
‘‘എന്റെ മകൾ തിരികെ വരാൻ പോകുന്നില്ല. ഞാനവളുടെ ശബ്ദമോ ചിരിയോ ഇനി കേൾക്കില്ല. അവൾക്ക് നീതി ലഭിക്കുന്നതിൽ ശ്രദ്ധ കൊടുക്കുക മാത്രമാണ് ചെയ്യാനുള്ളത്.’’ പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി. ഓഗസ്റ്റ് 9 നാണ് യുവതിയെ ആശുപത്രി സെമിനാർ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.