മുൾമുനയിൽ 37 മണിക്കൂർ; ആ പെൺകുട്ടി വിശാഖപട്ടണത്ത്, മാതാപിതാക്കളോടു സംസാരിച്ചു
Mail This Article
തിരുവനന്തപുരം / കന്യാകുമാരി / ചെന്നൈ ∙ കഴക്കൂട്ടത്തുനിന്നു കാണാതായ പതിമൂന്നു വയസ്സുള്ള അസം ബാലികയെ രണ്ടു രാപകൽ നീണ്ട അന്വേഷണത്തിനുശേഷം ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു കണ്ടെത്തി. തിരോധാനവാർത്തയറിഞ്ഞ് വിശാഖപട്ടണത്തെ മലയാളി സംഘടനാ പ്രതിനിധികൾ ട്രെയിനുകളിൽ കയറി നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
അനിയത്തിയുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചതിനു പിന്നാലെ, ചൊവ്വാഴ്ച രാവിലെയാണ് കുട്ടി വീട്ടിൽനിന്നിറങ്ങിയത്. വസ്ത്രങ്ങളും ബാഗും 40 രൂപയും മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ എന്നാണു വിവരം. കഴക്കൂട്ടം മുതൽ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വരെ പോയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്നുതന്നെ കണ്ടെത്തിയെങ്കിലും തുടർന്ന് എവിടേക്കു പോയെന്നറിയാതെ പൊലീസ് ആശയക്കുഴപ്പത്തിലായിരുന്നു.
ചൊവ്വാഴ്ച കന്യാകുമാരിക്കുള്ള ഐലൻഡ് എക്സ്പ്രസിൽ കുട്ടിയുണ്ടായിരുന്നുവെന്ന് എതിർസീറ്റിലിരുന്ന യാത്രക്കാരി ഇന്നലെ പുലർച്ചെ 3.15നു പൊലീസിനെ അറിയിച്ചതാണ് വഴിത്തിരിവായത്. കുട്ടി ട്രെയിനിലിരിക്കുന്ന ഫോട്ടോയും ഇവർ എടുത്തിരുന്നു.
കന്യാകുമാരിയിൽനിന്നു കുട്ടി ഇന്നലെ രാവിലെ ചെന്നൈ എഗ്മൂറിൽ ട്രെയിനിറങ്ങിയെന്നു തമിഴ്നാട് പൊലീസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വൈകിട്ട് അവിടേക്കു പുറപ്പെട്ടിരുന്നു.
ഇതിനിടെ, എഗ്മൂറിൽനിന്നു കുട്ടി ലോക്കൽ ട്രെയിനിൽ താംബരത്തേക്കു പോയി. അവിടെനിന്നു ബംഗാളിലെ സാന്ദ്രഗച്ചിയിലേക്കുള്ള അന്ത്യോദയ എക്സ്പ്രസിൽ കയറി. ട്രെയിൻ വിശാഖപട്ടണത്ത് എത്തിയപ്പോഴാണ് മലയാളി സംഘടനാപ്രവർത്തകർ കുട്ടിയെ കണ്ടെത്തിയത്. പൊലീസും പൊതുസമൂഹവും ഒരേ മനസ്സോടെ നടത്തിയ തിരച്ചിലിന്റെ സാഫല്യം.
കുട്ടിയുടെ വഴിയേ
∙ ചൊവ്വ രാവിലെ 9.00: അനിയത്തിയുമായി വഴക്കടിച്ചതിനു 13 വയസ്സുകാരിയെ മാതാവ് ശകാരിക്കുന്നു. പിന്നാലെ, കഴക്കൂട്ടത്തെ വീടിനു സമീപം ജോലി ചെയ്യുന്ന സ്കൂളിലേക്കു മാതാവ് പോകുന്നു.
∙ 9.45: കുട്ടി വീട്ടിൽനിന്നിറങ്ങുന്നു. നടന്നുപോകുന്ന ദൃശ്യം വീടിനടുത്തുള്ള വർക്‌ഷോപ്പിന്റെ സിസിടിവിയിൽ. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ വരെ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ വിവിധ കടകളിലെ സിസിടിവിയിൽ.
∙ 10.00: കഴക്കൂട്ടത്തുനിന്നു തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കു കുട്ടി, ബസിൽ പോകുന്നു.
∙ ഉച്ചയ്ക്ക് 12.50: കന്യാകുമാരിയിലേക്കുള്ള ഐലൻഡ് എക്സ്പ്രസിൽ കയറുന്നു.
∙ 1.00: ഉച്ചഭക്ഷണത്തിന് മാതാവ് വീട്ടിലെത്തുന്നു. ചേച്ചി വീട്ടിൽനിന്ന് ഇറങ്ങിപ്പോയതായി ഇളയ മകൾ.
∙ 1.30 – 4.00: സമീപപ്രദേശങ്ങളിൽ മാതാപിതാക്കൾ അന്വേഷിക്കുന്നു.
∙ 3.03: നാഗർകോവിൽ സ്റ്റേഷനിൽ വെള്ളമെടുക്കാൻ ഇറങ്ങിയശേഷം കുട്ടി തിരികെ ട്രെയിനിൽ കയറുന്നു.
∙ 3.53: കുട്ടി കന്യാകുമാരിയിലെത്തുന്നു.
∙ വൈകിട്ട് 4.30: കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കൾ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ. തിരുവനന്തപുരം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം.
∙ 5.50: കന്യാകുമാരിയിൽനിന്നു ചെന്നൈയിലേക്കുള്ള എഗ്‌മൂർ എക്സ്പ്രസിൽ 13 വയസ്സുകാരി കയറുന്നു.
∙ ഇന്നലെ പുലർച്ചെ 3.15: കന്യാകുമാരിയിലേക്കുള്ള ഐലൻഡ് എക്സ്പ്രസിൽ കുട്ടിയെ കണ്ടെന്ന് ട്രെയിനിലുണ്ടായിരുന്ന ബബിത പൊലീസിനെ അറിയിക്കുന്നു. കുട്ടി ട്രെയിനിലിരിക്കുന്നതിന്റെ ചിത്രവും അയച്ചുകൊടുക്കുന്നു. പൊലീസ് കന്യാകുമാരിയിലേക്ക്.
∙ ഇന്നലെ രാവിലെ 6.35: കുട്ടി ചെന്നൈ എഗ്മൂർ സ്റ്റേഷനിൽ 6–ാം പ്ലാറ്റ്ഫോമിലിറങ്ങുന്നു. വഴി അറിയാത്തതിനാൽ ബാറ്ററി കാറിൽ കയറി സ്റ്റേഷന്റെ മൂന്നാം എക്സിറ്റിലിറങ്ങിയതു വരെയുള്ള ദൃശ്യങ്ങൾ കണ്ടെത്തി. തുടർന്നു കുട്ടി എവിടേക്കു പോയി എന്നത് കണ്ടെത്താനായില്ല.
∙ ഉച്ചയ്ക്ക് 1.00: നാഗർകോവിൽ, കന്യാകുമാരി സ്റ്റേഷനുകളിൽ വെള്ളമെടുക്കാൻ കുട്ടി പ്ലാറ്റ്ഫോമിലിറങ്ങുന്നതിന്റെയും തിരികെ ട്രെയിനിൽ കയറുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിനു ലഭിക്കുന്നു. കുട്ടി കന്യാകുമാരിയിലെത്തിയതായി ഉറപ്പിക്കുന്നു.
∙ വൈകിട്ട് 5.00: കന്യാകുമാരിയിൽ നിന്നു ചൊവ്വാഴ്ച വൈകിട്ട് ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കുട്ടി കയറിയതായി സിസിടിവി ദൃശ്യത്തിൽ സ്ഥിരീകരിക്കുന്നു. അന്വേഷണ സംഘം ചെന്നൈയിലേക്ക്.
∙ രാത്രി 7.00: കുട്ടി ചെന്നൈ എഗ്മൂർ സ്റ്റേഷനിലിറങ്ങിയതിന്റെ ദൃശ്യം ലഭിച്ചതായി അന്വേഷണ സംഘത്തെ തമിഴ്നാട് പൊലീസ് അറിയിക്കുന്നു.
∙ രാത്രി 10.15: വിശാഖപട്ടണം സ്റ്റേഷനിലെത്തിയ താംബരം–സാന്ദ്രഗച്ചി ട്രെയിനിൽ കുട്ടിയെ കണ്ടെത്തി.