ADVERTISEMENT

ന്യൂഡൽഹി∙ കൊൽക്കത്തയിൽ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കൊലപാതകവുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കവേയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിമർശനം. കൊലപാതകത്തെ അസ്വാഭാവിക മരണമായി റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിക്കാൻ വൈകിയതിനെ കോടതി വിമർശിച്ചു. 

‘പോസ്റ്റ്‍മോർട്ടത്തിനു ശേഷം മാത്രമാണ് അസ്വാഭാവിക മരണമെന്ന് റജിസ്റ്റർ ചെയ്തത്. മരണം അസ്വാഭാവികമല്ലായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് മൃതദേഹം പോസ്റ്റ്‍മോർട്ടത്തിന് അയച്ചത്. വൈകിട്ട് 6.10ന് ആരംഭിച്ച പോസ്റ്റ്‍മോർട്ടം 7.10നാണ് അവസാനിച്ചത്. അതിനുശേഷം രാത്രി 11.30നാണ് മരണം അസ്വാഭാവികമെന്ന് റജിസ്റ്റർ ചെയ്തത്. പൊലീസ് എഫ്ഐആർ ഫയൽ ചെയ്തത് 11.40നും. പോസ്റ്റ്‍മോർട്ടത്തിനു ശേഷം അസ്വാഭാവിക മരണമെന്ന് റജിസ്റ്റർ ചെയ്തത് അദ്ഭുതപ്പെടുത്തുന്നു. ഇതാണ് ശരിയെങ്കിൽ അപകടകരമായതെന്തോ സംഭവിച്ചിട്ടുണ്ട്.’– കോടതി പറഞ്ഞു. കൊൽക്കത്ത കേസിൽ പൊലീസ് കാണിച്ച കൃത്യവിലോപം പോലെയൊന്ന് 30 വർഷത്തിനിടെ കണ്ടിട്ടില്ലെന്നും കോടതി പറഞ്ഞു. 

പ്രതിഷേധിക്കുന്ന ഡോക്ടർമാർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്നും കോടതി നിർദേശിച്ചു. ഡോക്ടർമാരുടെ എല്ലാ പ്രശ്നങ്ങളും കർമസമിതി കേൾക്കും. പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ പേരിൽ നടപടിയുണ്ടാകില്ലെന്നും സുപ്രീംകോടതി ഡോക്ടർമാർക്ക് ഉറപ്പു നൽകി. സർക്കാർ ആശുപത്രികളിൽ പോയിട്ടുണ്ട്. അവിടുത്തെ നിലത്തു കിടന്ന് ഉറങ്ങിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 36 മണിക്കൂർ ഡോക്ടർമാർ ജോലിയെടുക്കുന്നുണ്ടെന്ന് അറിയാം. അത് പലപ്പോഴും 48 മണിക്കൂർ വരെ നീളും. അതിനുശേഷം ആരെങ്കിലും നിങ്ങളെ ഉപദ്രവിക്കാൻ വന്നാൽ ചെറുത്തുനിൽക്കാനുള്ള മാനസിക–ശാരീരിക ശേഷി ഡോക്ടർമാർക്കുണ്ടാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. 

കേസ് അന്വേഷിക്കുന്ന സിബിഐ തൽസ്ഥിതി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു. യുവതി മരിച്ചുകിടന്ന ക്രൈം സീനിൽ മാറ്റങ്ങൾ വരുത്തിയതായി സിബിഐ കോടതിയിൽ ആരോപിച്ചു. അതേസമയം, ആരോപണം നിരസിച്ച ബംഗാൾ സർക്കാർ ക്രൈംസീനിലെ എല്ലാ കാര്യങ്ങളും വിഡിയോയിൽ പകർത്തിയെന്ന് കോടതിയെ അറിയിച്ചു. അടുത്ത വാദം കേൾക്കലിൽ കൊൽക്കത്ത പൊലീസ് ഹാജരാകണമെന്നും കോടതി പറഞ്ഞു. കേസിൽ വാദം തുടരുകയാണ്.

English Summary:

Supreme Court Condemns Bengal Govt. Inaction in Doctor Rape & Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com