‘പ്രമുഖരുടെ ലൈംഗികാതിക്രമ വിവരങ്ങൾ ഒഴിവാക്കി’: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ ‘കടുംവെട്ട്’; 5 പേജുകൾ എവിടെ?
Mail This Article
തിരുവനന്തപുരം ∙ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍, മുന്‍പ് അറിയിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ സർക്കാർ ഒഴിവാക്കിയതു വിവാദമാകുന്നു. മലയാള സിനിമാ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിച്ചാണു ജസ്റ്റിസ് ഹേമ റിപ്പോർട്ട് തയാറാക്കി സർക്കാരിനു സമർപ്പിച്ചത്. സ്വകാര്യത വെളിപ്പെടുത്തുന്ന 32 ഖണ്ഡികകൾ ഒഴിവാക്കണമെന്നും കൂടുതല്‍ എന്തൊക്കെ ഒഴിവാക്കാമെന്നു സര്‍ക്കാരിനു പരിശോധിച്ചു തീരുമാനിക്കാമെന്നുമാണു വിവരാവകാശ കമ്മിഷന്‍ നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നത്
ഇതുപ്രകാരം ഏതൊക്കെ പേജുകളിലെ ഏതൊക്കെ ഖണ്ഡികകളാണ് ഒഴിവാക്കുന്നതെന്നു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്ന മാധ്യമപ്രവര്‍ത്തകരെ സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ പറയാതെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ ഒഴിവാക്കിയതാണു വിവാദമായത്. 48-ാം പേജിലെ 96-ാം പാരഗ്രാഫില്‍ സിനിമാ വ്യവസായത്തിലെ പ്രധാനപ്പെട്ട ആളുകളില്‍നിന്നുള്‍പ്പെടെ സ്ത്രീകള്‍ക്കു ലൈംഗികാതിക്രമം നേരിടേണ്ടിവന്നതായി ലഭിച്ച തെളിവുകളില്‍നിന്നു വ്യക്തമാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ലൈംഗികാതിക്രമം സംബന്ധിച്ച് തങ്ങള്‍ക്കു മുന്നിലെത്തിയ മൊഴികള്‍ വിശ്വസിക്കാതിരിക്കാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതു കഴിഞ്ഞുള്ള 5 പേജുകളാണ് പൂര്‍ണമായി ഒഴിവാക്കിയത്. 42-43 പേജുകളിലെ 85-ാം പാരഗ്രാഫും 59-79 പേജുകളിലെ 44 പാരാഗ്രാഫുകളും ഒഴിവാക്കുമെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ അതിനിടയില്‍ 49-53 പേജുകള്‍ ഒഴിവാക്കുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചില്ല. മലയാള സിനിമയിലെ പ്രമുഖരായ വ്യക്തികള്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ പേജുകള്‍ ആരുമറിയാതെ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്.