ADVERTISEMENT

ഒടുവിൽ, പ്രതീക്ഷയ്ക്കൊപ്പം നിന്ന് ജെറോം പവലും. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ് അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷകൾ ഏറെക്കുറെ ശരിവച്ച്, യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ.

വാർഷിക പ്രഭാഷണ പരിപാടിയായ ജാക്സൺ ഹോൾ സിമ്പോസിയത്തിലാണ് ഇന്ന് അദ്ദേഹം പലിശനിരക്ക് ഏറെ വൈകാതെ കുറയ്ക്കുമെന്ന ശക്തമായ സൂചന നൽകിയത്. ''പണനയം മിതപ്പെടുത്താൻ സമയമായി'' എന്ന് അദ്ദേഹം പറഞ്ഞതിന് പിന്നാലെ, രാജ്യാന്തര വിപണിയിൽ സ്വർണ വില വീണ്ടും ഔൺസിന് 2,500 ഡോളറിന് മുകളിലേക്ക് കത്തിക്കയറി.

യുഎസ് ഓഹരി വിപണികളായ നാസ്ഡാക്കും എസ് ആൻഡ് പിയും 1.32% വരെ കുതിപ്പിലാണ് ഇപ്പോഴുള്ളത്. ഡൗ ജോൺസ് 0.83% ഉയർന്നു വ്യാപാരം ചെയ്യുന്നു. ടെസ്‍ല, എൻവിഡിയ തുടങ്ങിയ മുൻനിര കമ്പനികളുടെ ഓഹരികൾ 3 ശതമാനത്തിലധികം നേട്ടത്തിലാണുള്ളത്. പലിശ കുറയുമെന്ന് ഏതാണ്ട് ഉറപ്പായതോടെ യുഎസ് ഡോളർ 2024ലെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പുകുത്തി. യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായ നിരക്കുകളും (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) വൻ ഇടിവിലാണ്.

എന്താണ് ജെറോം പവൽ പറഞ്ഞത്?

''പണപ്പെരുപ്പം വൻതോതിൽ കുറഞ്ഞിരിക്കുന്നു. തൊഴിൽ വിപണിയിൽ ആശങ്കപ്പെടുത്തുന്ന പ്രതിസന്ധികളില്ല. വിതരണശൃംഖല സാധാരണ നിലയിലുമായി കഴിഞ്ഞു. സാമ്പത്തികരംഗത്തെ വെല്ലുവിളികൾ മായുകയാണ്. തൊഴിൽ വിപണിയെ ശക്തമാക്കി നിർത്താൻ ആവുന്നതെല്ലാം ചെയ്യാം" - സിമ്പോസിയത്തിൽ ജെറോം പവൽ പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇതാണ്.

റീറ്റെയ്ൽ പണപ്പെരുപ്പം 2 ശതമാനമായി നിയന്ത്രിക്കുകയാണ് യുഎസ് ഫെഡിന്റെ ലക്ഷ്യം. ഇത് ജൂലൈയിൽ മൂന്ന് ശതമാനത്തിനു താഴെയാണ്. ഈ സാഹചര്യത്തിൽ സെപ്റ്റംബറോടെ അടിസ്ഥാനനിരക്ക് (യുഎസ് ഫെഡ് റേറ്റ്) കുറയ്ക്കുമെന്ന സൂചന ഫെഡറൽ‌ റിസർവ് നേരത്തേ തന്നെ നൽകിയിരുന്നു. ഇത് അരക്കിട്ടുറപ്പിക്കുന്നതാകുമോ ഇന്നത്തെ ജെറോം പവലിന്റെ പ്രഭാഷണം എന്നായിരുന്നു രാജ്യാന്തര തലത്തിൽ തന്നെ ഏവരും ഉറ്റുനോക്കിയിരുന്നത്.

പലിശ കുറച്ചാൽ എന്ത് സംഭവിക്കും?

2022ന്റെ തുടക്കത്തിൽ യുഎസിൽ അടിസ്ഥാന പലിശനിരക്ക് (യുഎസ് ഫെഡ് റേറ്റ്) 0-0.25% ആയിരുന്നു. ഇതാണ് 2022 മാർച്ച് മുതൽ 2023 ജൂലൈ വരെയായി തുടർച്ചയായി കൂട്ടി 5.25-5.50% ആക്കിയത്. യുഎസ് ഫെഡ് റേറ്റ് കൂട്ടിയാൽ ആനുപാതികമായി ബോണ്ട് യീൽഡും ഡോളറിന്റെ മൂല്യവും കുതിക്കും. യൂറോയും യെന്നും അടക്കം ലോകത്തെ ഏറ്റവും പ്രമുഖമായ 6 കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് കഴിഞ്ഞ മെയിൽ 106 ആയിരുന്നു. യുഎസ് സർക്കാരിന്റെ 10 വർഷ ട്രഷറി ബോണ്ട് യീൽഡ് 4.6 ശതമാനം എന്ന ശക്തമായ നിലയിലും.

അതായത്, യുഎസ് ഡോളറിലും ബോണ്ടിലും നിക്ഷേപിച്ചവർ അക്കാലത്ത് കൊയ്തെടുത്തത് വൻ ലാഭം. എന്നാൽ, ഇപ്പോൾ പലിശ കുറയ്ക്കുമെന്ന സൂചന യുഎസ് ഫെഡ് നൽകിയതിന് പിന്നാലെ ഡോളറും ബോണ്ട് യീൽ‌ഡും ദുർബലമായിരിക്കുന്നു. നിലവിൽ 100.71 എന്ന നിലയിലാണ് യുഎസ് ഡോളർ ഇൻഡെക്സ്. ഡോളറിനെതിരെ പൗണ്ടും യൂറോയും കുതിച്ചുതുടങ്ങി. 

10-വർഷ ട്രഷറി ബോണ്ട് യീൽഡ് ഒരുവേള ഇന്ന് 3.799 ശതമാനത്തിലേക്കു കൂപ്പുകുത്തിയെങ്കിലും ഇപ്പോഴുള്ളത് 3.812 ശതമാനത്തിൽ.

പലിശഭാരം കുറയുന്നത് ബിസിനസ് സ്ഥാപനങ്ങൾക്ക് നേട്ടമാണ്. വായ്പാ പലിശ ബാധ്യത കുറയുന്നതോടെ പ്രവർത്തനച്ചെലവും താഴും. ഇത് വരുമാനവും ലാഭവും ഉയർത്താൻ സഹായിക്കും. ഇതാണ് ഓഹരി വിപണികളെ ഉണ‍ർവിലേക്ക് നയിച്ചത്. ഇന്ത്യൻ ഐടി, ഫാർ‌മ തുടങ്ങിയ കമ്പനികളുടെ മുഖ്യ വിപണിയാണ് യുഎസ് എന്നതിനാലും പല ഇന്ത്യൻ ഐടി കമ്പനികളും യുഎസ് ഓഹരി വിപണിയിലും വ്യാപാരം ചെയ്യുന്നതിനാലും അവയ്ക്കും പലിശ കുറയുന്നത് ഗുണം ചെയ്യും. യുഎസിൽ നിന്ന് കൂടുതൽ ബിസിനസ് കരാറുകൾ നേടാനാകുമെന്നതും നേട്ടമാകും.

സ്വർണ വില മുന്നേറും

യുഎസ് ഡോളറും ബോണ്ട് യീൽഡും ദുർബലമാകുമ്പോൾ നിക്ഷേപകർ സുരക്ഷിത താവളമായി ആദ്യം കാണുന്നതു സ്വർണത്തെയാണ്. ഡോളറിൽ നിന്നും ബോണ്ടിൽ നിന്നും ഇനി മെച്ചപ്പെട്ട ആദായം കിട്ടില്ലെന്ന് ഉറപ്പാകുന്നതോടെ നിക്ഷേപകർ അവയിൽ നിന്ന് പണം പിൻവലിച്ച് ഗോൾഡ് ഇടിഎഫ് പോലുള്ള ഭേദപ്പെട്ട ആദായം (റിട്ടേൺ) ഉറപ്പുള്ള സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് മാറ്റും.

ഗോൾഡ് ഇടിഎഫുകൾ സാങ്കേതികമായി കടപ്പത്രങ്ങളെ പോലെയാണെങ്കിലും അവയും ഭൗതിക സ്വർണത്തിന്റെ വിലയ്ക്ക് അനുസരിച്ചാണ് വ്യാപാരം ചെയ്യുന്നത്. സ്വർണ വില കൂടുമ്പോഴാണ് ഗോൾഡ് ഇടിഎഫിൽ നിക്ഷേപിച്ചവർക്കും നേട്ടം കിട്ടുക. ഗോൾഡ് ഇടിഎഫിന് പ്രിയമേറുമ്പോൾ സ്വർണ വില കൂടുകയും ചെയ്യും. 

ഇന്നലെ ഔൺസിന് 2,479 ഡോളർ വരെ താഴ്ന്ന രാജ്യാന്തര സ്വർണ വില, ജെറോം പവലിന്റെ പ്രഭാഷണത്തിന് പിന്നാലെ കത്തിക്കയറിയത് 2,516 ഡോളറിലേക്കാണ്. നിലവിൽ‌ വ്യാപാരം ചെയ്യുന്നത് 2,511 ഡോളറിലും. രാജ്യാന്തര വിപണിയിലെ വിലക്കുതിപ്പ് നാളെ കേരളത്തിലെ വിലയെയും സ്വാധീനിച്ചേക്കാം. ഇന്ന് കേരളത്തിൽ സ്വർണ വില പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കുറഞ്ഞിരുന്നു.

English Summary:

Powell Hints at Rate Cut: Gold Soars, Dollar Slumps, Stocks Surge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com