സ്ത്രീകൾക്കെതിരായ അതിക്രമം: മഹാരാഷ്ട്ര ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ രാഷ്ട്രീയ പാർട്ടികൾ
Mail This Article
മുംബൈ∙ ഓഗസ്റ്റ് 24ന് (ശനിയാഴ്ച) മഹാരാഷ്ട്ര ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ രാഷ്ട്രീയ പാർട്ടികൾ. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മഹാവികാസ് അഘാഡി സഖ്യത്തിലെ അംഗങ്ങളായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, എൻസിപി ശരദ് പവാർ, കോൺഗ്രസ് എന്നിവർ ബന്ദിന് ആഹ്വാനം ചെയ്തത്.
താനെ ജില്ലയിലെ ബദ്‌ലാപുരിൽ നഴ്സറിക്കുട്ടികളെ പീഡിപ്പിച്ച കേസ് സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെയാണ് ബന്ദ്. സംഭവത്തിൽ കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് ജനക്കൂട്ടം വൻ പ്രതിഷേധം നടത്തുകയും ട്രെയിൻ ഗതാഗതമുൾപ്പെടെ തടയുകയും ചെയ്തിരുന്നു. ജനങ്ങളുടെ വികാരങ്ങളോട് നിർവികാരത പുലർത്തുന്ന കുടിലബുദ്ധിക്കാരനാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.
അതേസമയം, കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ മകന് വധശിക്ഷ നൽകണമെന്ന് മുംബൈയിൽ നഴ്സറിക്കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ മാതാവ്. മകൻ അങ്ങനെയൊരു തെറ്റുചെയ്യില്ലെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. നിലവിൽ എട്ടു സംഘങ്ങളായി തിരിഞ്ഞ് പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്കൂളിലെ ശുചീകരണ ജീവനക്കാരനാണ് കേസിലെ പ്രതി.