ഓർഡർ ചെയ്യുന്നത് ബ്ലൂ ലേബലും കോക്ക്ടെയ്‌ലും; ‘ദി ഗോഡ്ഫാദർ’ കേന്ദ്രീകരിച്ച് മുംബൈയിൽ വ്യാപകമായി ‘ഡേറ്റിങ്’ തട്ടിപ്പ്
Mail This Article
മുംബൈ∙ ടിൻഡർ ആപ്പ് മറയാക്കി ഡേറ്റിങ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ പേർ ഇരകളായതായി റിപ്പോർട്ട്. വെസ്റ്റ് അന്ധേരിയിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങളാണു പുറത്തുവന്നിരിക്കുന്നത്. ഒരു മാസത്തിനിടെ ഒരു യുവതി തന്നെ നാലു യുവാക്കളെ ഇത്തരത്തിൽ കബളിപ്പിച്ചു തട്ടിപ്പ് നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവതി ഹണിട്രാപ്പിൽപ്പെടുത്തി എത്തിക്കുന്ന യുവാക്കളിൽനിന്നു ഭീമമായ ബിൽ തുക ഭീഷണിപ്പെടുത്തി വാങ്ങിച്ചെടുത്താണു തട്ടിപ്പ് നടക്കുന്നത്.
ടിൻഡർ ആപ്പ് വഴി പരിചയപ്പെടുന്ന യുവതി, യുവാക്കളെ ഡേറ്റിങ്ങിനായി ക്ഷണിക്കും. ഇതിനായി വെസ്റ്റ് അന്ധേരിയിലെ ‘ദി ഗോഡ്ഫാദർ’ ക്ലബാണ് യുവതി ഉപയോഗിച്ചിരുന്നത്. ക്ഷണം സ്വീകരിച്ചെത്തുന്ന യുവാവിനെക്കൊണ്ട് കോക്ക്ടെയ്‌ലും ബ്ലൂ ലേബലും അടക്കം മുന്തിയ ഇനം മദ്യവും ഭക്ഷണവും ഓർഡർ ചെയ്യിപ്പിക്കും. ഇതിനിടെ ക്ലബ് അധികൃതരുടെ ഒത്താശയോെട യുവതി മുങ്ങും. ഇതു മനസിലാക്കാതെ യുവാവ് ഇവർക്കായി കാത്തിരിക്കുകയും ഒടുവിൽ ക്ലബിലെ ബൗൺസർമാരുടെ ഭീഷണി ഭയന്ന് ഭീമമായ ബിൽ തുക നൽകി മടങ്ങുകയും ചെയ്യും. പലരും അപമാനം ഭയന്ന് തട്ടിപ്പ് പുറത്തുപറയില്ല. ഇതാണ് ഡേറ്റിങ് തട്ടിപ്പുകാർക്ക് കൂടുതൽ പേരെ വലയിലാക്കാൻ പ്രചോദനം നൽകുന്നത്.
20,000 രൂപ മുതൽ 60,000 രൂപ വരെ ബിൽ തുക നൽകിയ യുവാക്കൾ ഇതിനോടകം ‘ദി ഗോഡ്ഫാദർ’ ക്ലബിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ടിൻഡറിനു പുറമെ ബംബിൾ, ഹിംഗെ, ഒക്യുപിഡ് ആപ്പുകളും ഡേറ്റിങ് ആപ്പിനായി ഉപയോഗിക്കുന്നുണ്ട്. ‘ദി ഗോഡ്ഫാദർ’ ക്ലബ്ബിനു പുറമെ മുംബൈയിലുടനീളമുള്ള വിവിധ നിശാക്ലബ്ബുകളും ഈ ശൃംഖലയുമായി ബന്ധപ്പെട്ട് കിടക്കുന്നതായായാണു സൂചന. യുവതികളെ ഉപയോഗിച്ചുള്ള ഡേറ്റിങ് തട്ടിപ്പ് നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുംബൈയ്ക്കു പുറമേ ഡൽഹി, ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് സമാനമായ സംഭവങ്ങൾ നേരത്തെ നടന്നത്.