ADVERTISEMENT

തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ പോക്സോ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക പി.ഇ.ഉഷ ആഭ്യന്തരവകുപ്പിന് പരാതി നല്‍കി. അല്‍ത്തിയ സ്ത്രീ കൂട്ടായ്മയ്ക്കു വേണ്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടിലെ 41-ാം പേജിലെ 82-ാം ഖണ്ഡിക ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. പോക്സോ നിയമ പ്രകാരം കേസ് എടുക്കാവുന്ന ചില കുറ്റകൃത്യങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍നിന്നു മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരാതിയെന്ന് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

82-ാം ഖണ്ഡികയുടെ തുടക്കത്തില്‍ തന്നെ പെണ്‍കുട്ടികള്‍/സ്ത്രീകള്‍ എന്ന് കമ്മിറ്റി തന്നെ പ്രത്യേകം വേര്‍തിരിച്ചു പറഞ്ഞിട്ടുണ്ടെന്നും ഇതാണ് പോക്‌സോ സംബന്ധിച്ച് പരാതി നല്‍കാന്‍ കാരണമെന്നും പി.ഇ.ഉഷ പറഞ്ഞു. പോക്‌സോ നിയമത്തിന്റെ 19 (1)വകുപ്പ് പ്രകാരം ഇത്തരത്തില്‍ ഒരു വിവരം കിട്ടിയാല്‍ പൊലീസിനെ അറിയിക്കേണ്ടതാണ്. ആ സാഹചര്യത്തില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിച്ച്, ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് പോക്സോ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. 

കലാരംഗത്തു പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയമായ പ്രവര്‍ത്തനത്തിനും വളര്‍ച്ചയ്ക്കും ഈ നടപടികള്‍ അത്യാവശ്യമാണെന്ന് കരുതുന്നു. ഹൈക്കോടതി മുന്‍ ജഡ്ജി നയിച്ച ഒരു കമ്മിറ്റി നേരിട്ട് ശേഖരിച്ച വസ്തുതകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ ഉണ്ടായ റിപ്പോര്‍ട്ട് തീര്‍ച്ചയായും വളരെ പ്രധാനമാണ്. അതിന്മേല്‍ സമയബന്ധിതമായി നടപടികള്‍ എടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പരാതിയില്‍ പറയുന്നു. 

82-ാം ഖണ്ഡിക

സിനിമയിലെ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ചുള്ള അനുഭവങ്ങള്‍ കമ്മിറ്റി മുന്‍പാകെ പോലും വെളിപ്പെടുത്താന്‍ തുടക്കത്തില്‍ പെണ്‍കുട്ടികള്‍/സ്ത്രീകള്‍ വിമുഖത കാട്ടിയതു ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഞങ്ങളോടു പറഞ്ഞ കാര്യങ്ങള്‍ അറിഞ്ഞാല്‍ കുറ്റവാളികള്‍ അപായപ്പെടുത്തുമോ എന്ന ഭീതിയാണ് അതിനു കാരണം. അതുകൊണ്ട് നടപടിക്രമങ്ങള്‍ സംബന്ധിച്ച് പൂര്‍ണ രഹസ്യാത്മകത ഞങ്ങള്‍ ഉറപ്പു കൊടുത്തിരുന്നു. ആ ഉറപ്പ് വിശ്വസിച്ചതിനു ശേഷമാണ് അവര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ കമ്മിറ്റി മുന്‍പാകെ വെളിപ്പെടുത്തി തുടങ്ങിയത്.

English Summary:

Activist Demands POCSO Case must be registered on Hema Committee report, complaint to home department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com