‘ബുൾഡോസർ നീതി അംഗീകരിക്കാനാകില്ല, അതു പ്രാകൃതം; കുറ്റവും ശിക്ഷയും തീരുമാനിക്കേണ്ടത് കോടതി’
Mail This Article
ന്യൂഡൽഹി∙ ‘ബുൾഡോസർ നീതി’ അംഗീകരിക്കാനാവില്ലെന്നും അത് അവസാനിപ്പിക്കണമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മധ്യപ്രദേശിലെ ഛത്രപൂർ ജില്ലയിൽ നടന്ന പ്രതിഷേധത്തിനിടെ അക്രമം നടത്തിയെന്ന് ആരോപിക്കപ്പെട്ടയാളുടെ വീട് പൊളിച്ചുമാറ്റിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
‘‘കുറ്റവും ശിക്ഷയും തീരുമാനിക്കാൻ കോടതിക്കാണു അധികാരം. കുറ്റാരോപിതന്റെ കുടുംബത്തെ ശിക്ഷിക്കുന്നത്, ആരോപണം ഉയർന്നതിനു തൊട്ടുപിന്നാലെ അവരുടെ വീട് പൊളിക്കുന്നത് നീതിയല്ല, മറിച്ച് അതു പ്രാകൃതവും അനീതിയുമാണ്. നിയമ നിർമാതാക്കളും പാലകരും ലംഘകരും തമ്മിൽ വ്യത്യാസമുണ്ടാവണം. കുറ്റവാളികളെപ്പോലെ സർക്കാർ പെരുമാറരുത്. പരിഷ്കൃത സമൂഹത്തിൽ ഭരണനിർവഹണത്തിന് ആവശ്യം നിയമപാലനം, ഭരണഘടന, ജനാധിപത്യം, മാനവികത എന്നിവയാണ്. സ്വന്തം ജോലി ചെയ്യാൻ സാധിക്കാത്ത വ്യക്തിക്ക് സമൂഹത്തിനോ രാജ്യത്തിനോ നല്ലത് ചെയ്യാൻ സാധിക്കില്ല’’– എക്സ് പ്ലാറ്റ്‍ഫോമിൽ പങ്കുവച്ച കുറിപ്പിൽ പ്രിയങ്ക പറഞ്ഞു.
ഷഹ്‌സാദ് അലി എന്നയാളുടെ വീടാണ് വ്യാഴാഴ്ച അധികൃതര്‍ തകര്‍ത്തത്. പുരോഹിതന്‍ രാംഗിരി മഹാരാജിന്റെ പരാമര്‍ശത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തില്‍ ഷഹ്സാദ് അലി ഉൾപ്പെട്ടെന്ന് ആരോപിച്ചായിരുന്നു നടപടി. ദിവസങ്ങൾക്കു മുൻപ് മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന മതപരമായ ഒരു ചടങ്ങിനിടെ പുരോഹിതന്‍ രാംഗിരി മഹാരാജ് ഇസ്‍ലാം മതത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. തുടർന്നു കഴിഞ്ഞ ബുധനാഴ്ച മുസ്‍ലിം സമുദായാംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇത് അക്രമാസക്തമാവുകയും രണ്ടു പൊലീസുകാർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.