ആരോപണങ്ങൾക്ക് പിന്നാലെ രാജിവച്ച് സിദ്ദീഖും രഞ്ജിത്തു; അന്വേഷണത്തിന് ഐപിഎസ് സംഘം– പ്രധാന വാർത്തകൾ
Mail This Article
കോട്ടയം∙ അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നു എന്ന സിദ്ദീഖിന്റെ പ്രഖ്യാപനത്തോടെയാണ് ഇന്നത്തെ വാർത്താ പ്രഭാതം ആരംഭിച്ചത്. ബംഗാളി നടിയുടെ ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കുന്നതായി തൊട്ടു പിന്നാലെ രഞ്ജിത്തും അറിയിച്ചു. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് ഇ–മെയിലായി രാജിക്കത്ത് അയച്ചാണ് സിദ്ദീഖ് രാജിവച്ചത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണു സിദ്ദീഖ് മോഹൻലാലിന് അയച്ച കത്തിലുള്ളത്. ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് സിദ്ദീഖ് അടുപ്പമുള്ളവരെ അറിയിച്ചു.
തൊട്ടുപിന്നാലെ അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നു രാജിവയ്ക്കുന്നതായി രഞ്ജിത്ത് സർക്കാരിനെ അറിയിച്ചു. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. വയനാട്ടിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന രഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു പോയത്. പിന്നാലെ വിവിധ നടിമാർ ആരോപണങ്ങളുമായി രംഗത്തെത്തി.
ആരോപണങ്ങൾ വിവിധ കോണുകളിൽനിന്ന് ഉയരുന്ന പശ്ചാത്തലത്തിൽ സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘത്തെ സർക്കാർ നിയമിച്ചു. ഡിഐജി എസ്.അജിതാ ബീഗം, ക്രൈംബ്രാഞ്ച് എസ്പി മെറിൻ ജോസഫ്, കോസ്റ്റൽ പൊലീസ് എഐജി ജി.പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്‌റെ, ക്രമസമാധാന ചുമതലയുള്ള എഐജി വി.അജിത്, ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനൻ എന്നിവരാണു സംഘത്തിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തീരുമാനം. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് പ്രത്യേകസംഘത്തിനു മേൽനോട്ടം വഹിക്കും.
അതേസമയം, പി.ആർ.ശ്രീജേഷിനുള്ള സ്വീകരണം സർക്കാർ മാറ്റിവച്ചതും ചർച്ചയായി. സ്വീകരണച്ചടങ്ങ് മന്ത്രിമാരായ വി.ശിവൻകുട്ടിയും വി.അബ്ദുറഹിമാനും തമ്മിലുള്ള തർക്കംമൂലമാണ് മാറ്റിയത്. പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായ ശ്രീജേഷിനു സ്വീകരണം നൽകാൻ വകുപ്പിനാണ് അർഹതയെന്നു ശിവൻകുട്ടിയും ഒളിംപിക്സ് മെഡൽ ജേതാവിനു സ്വീകരണം നൽകേണ്ടത് കായിക വകുപ്പാണെന്ന് അബ്ദുറഹിമാനും വാദിച്ചതോടെ ചടങ്ങ് മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്.