‘രഞ്ജിത്തിനെ സംരക്ഷിക്കുന്നെന്ന വാർത്ത വേദനിപ്പിച്ചു; നിയമനടപടി പരാതി കിട്ടിയാൽ മാത്രം’
Mail This Article
ആലപ്പുഴ∙ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ രഞ്ജിത്തിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നു മന്ത്രി സജി ചെറിയാൻ. രാജിസന്നദ്ധത രഞ്ജിത് അറിയിക്കുകയായിരുന്നു. അതേസമയം പരാതി കിട്ടിയാലെ നിയമനടപടി സ്വീകരിക്കുകയുള്ളുവെന്ന നിലപാട് മന്ത്രി ആവർത്തിച്ചു. രഞ്ജിത്തിനെ താൻ സംരക്ഷിക്കുന്നു എന്ന വാർത്ത വേദനിപ്പിച്ചു. തന്റേത് എപ്പോഴും സ്ത്രീപക്ഷ നിലപാടാണ്. സർക്കാർ ഇരയോടൊപ്പമാണ്, വേട്ടക്കാർക്കൊപ്പമല്ല. നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കും എന്നാണു സർക്കാർ നിലപാട്– സജി ചെറിയാൻ പറഞ്ഞു.
അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു സംവിധായകൻ രഞ്ജിത്ത് രാജിവച്ചത്. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സർക്കാർ രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഇടതു മുന്നണിയിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു.
എന്നാൽ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ പിന്തുണയ്ക്കുകയാണു ചെയ്തത്. വിമർശനം കടുത്തതോടെ സർക്കാർ കേന്ദ്രങ്ങൾ രഞ്ജിത്തുമായി സംസാരിച്ചു. പിന്നാലെ രാജിസന്നദ്ധത രഞ്ജിത്ത് അറിയിച്ചു.