ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് പുതിയ അഞ്ച് ജില്ലകൾ കൂടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇതുസംബന്ധിച്ച തീരുമാനം എക്സിലൂടെ അറിയിച്ചത്. പ്രധാനമന്ത്രിയുടെ സ്വപ്നം പോലെ, ലഡാക്കിനെ വികസിതവും സമൃദ്ധവുമാക്കാനുള്ള നടപടികളുടെ ഭാഗമായാണു പുതിയ ജില്ലകൾ രൂപീകരിച്ചതെന്ന് അമിത് ഷായുടെ കുറിപ്പിൽ പറയുന്നു. സൻസ്കാർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിങ്ങനെയാണു ജില്ലകളുടെ പേരുകൾ.

ലഡാക്കിൽ ലേ, കാർഗിൽ എന്നീ ജില്ലകൾ മാത്രമാണുണ്ടായിരുന്നത്. സ്വയം ഭരണാധികാരമുള്ള ജില്ലാ ഭരണകൂടങ്ങളാണ് ഇവ ഭരിക്കുന്നത്. പുതിയ ജില്ലകൾ കൂടി വരുന്നതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം 7 ആകും. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിനെ വിഭജിച്ച് ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയത്. ജമ്മു കശ്മീരിനു പ്രത്യേക അധികാരം നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും ചെയ്തിരുന്നു.

‘എന്തു കാര്യത്തിനും ലഡാക്കിൽ വരണം’

ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കാനാണ് പുതിയ ജില്ലകൾ രൂപീകരിച്ചതെന്ന് കേന്ദ്രസർക്കാർ വ്യക്തമാകുന്നു. കേന്ദ്രഭരണ പ്രദേശ നിവാസികൾക്ക് ഔദ്യോഗിക കാര്യങ്ങൾക്കായി ലഡാക്കിലെത്തണമായിരുന്നു. ദുർഘടമായ വഴികളിലൂടെ സഞ്ചരിച്ചെത്തുകയെന്നതു ബുദ്ധിമുട്ടായതിനാൽ‌ അതിനു പരിഹാരം വേണമെന്ന ആവശ്യം ഏറെക്കാലമായി ഉള്ളതാണ്. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പരാതിക്കിടയാക്കിയിരുന്നു. സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ അടുത്തിടെ വലിയ പ്രതിഷേധം നടന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അതു ബിജെപിക്ക് തിരിച്ചടിയുമായി.

ചൈനയുമായി അതിർത്തിപ്രശ്നങ്ങളുള്ളതിനാൽ ലഡാക്കിനു സംസ്ഥാന പദവി നൽകാനാകില്ല. അതുകൊണ്ടുതന്നെ മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കുക ലക്ഷ്യമിട്ടുകൂടിയാണ് പുതിയ ജില്ലകളുടെ പ്രഖ്യാപനം. അഞ്ച് പുതിയ കലക്ടർമാരും ഓഫിസും സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇതുവഴി മേഖലയിലേക്ക് എത്തും. കേന്ദ്ര സർക്കാരിനെതിരെ ഉയർന്ന പ്രതിഷേധത്തിന്റെ ശക്തി കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

English Summary:

Ladakh Gets Five New Districts: Amit Shah Announces Major Administrative Overhaul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com