‘ഗുരുതരമായ തെറ്റ്, മറുപടിയുണ്ടെങ്കിൽ അത് പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക’: ധർമജനെതിരെ വി.ഡി.സതീശൻ
Mail This Article
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടെ അവതാരകയോട് ക്ഷോഭിച്ച നടന്‍ ധർമജൻ ബോൾഗാട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗുരുതരമായ തെറ്റാണ് ധർമജൻ ബോൾഗാട്ടിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സതീശൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ധർമജൻ. എന്നാൽ ധർമജന്‍ കോൺഗ്രസ് അംഗമല്ലെന്നും സതീശൻ പറഞ്ഞു.
‘‘മാധ്യമപ്രവർത്തകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ച നടപടി അംഗീകരിക്കാൻ കഴിയില്ല. നീതി നിഷേധിക്കപ്പെടുന്നവർക്ക് നീതി ഉറപ്പാക്കുന്ന കാര്യങ്ങളിൽ പ്രതിപക്ഷവും മാധ്യമങ്ങളുെമാക്കെ ഒരേ ജോലിയാണ് ചെയ്യുന്നത്. അതിനു വേണ്ടിയാണ് എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരെ അപമാനിച്ച് സംസാരിച്ചത് ഗുരുതരമായ തെറ്റാണ്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയുണ്ടെങ്കിൽ അത് പറയുക, ഇല്ലെങ്കിൽ മിണ്ടാതിരിക്കുകയാണ് വേണ്ടത്’’–സതീശൻ പറഞ്ഞു.
സിപിഎമ്മിനെപ്പോലെ തെറ്റിനെ ന്യായീകരിക്കുന്നില്ല. തെറ്റുകൾ ചെയ്യുന്നവരെ തള്ളിപ്പറയും. തന്റെ മണ്ഡലത്തിലാണ് ധർമജൻ താമസിക്കുന്നത്. ഇക്കാര്യമറിഞ്ഞതിനു ശേഷം ധർമജനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.