അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; ബാബുരാജിനും ശ്രീകുമാർ മേനോനും എതിരെ പരാതി നൽകി
Mail This Article
കൊച്ചി∙ നടൻ ബാബുരാജിനും സംവിധായകൻ വി.എ.ശ്രീകുമാർ മേനോനും എതിരെ ലൈംഗിക പീഡനം ആരോപിച്ച് മുൻ ജൂനിയർ ആർട്ടിസ്റ്റ് പൊലീസിൽ പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി ഇ മെയിലായി അയച്ചു. ആവശ്യമെങ്കിൽ തെളിവുകൾ ഹാജരാക്കുമെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
സിനിമയിലും പരസ്യചിത്രത്തിലും അവസരം വാഗ്ദാനം ചെയ്ത് ആലുവയിലെ വീട്ടിൽവച്ച് നടനും നിർമാതാവുമായ ബാബുരാജും കൊച്ചിയിലെ ഫ്ലാറ്റിൽവച്ച് സംവിധായകൻ വി.എ.ശ്രീകുമാർ മേനോനും പീഡിപ്പിച്ചെന്നാണ് മുൻ ജൂനിയർ ആർട്ടിസ്റ്റിന്റെ ആരോപണം. ബാബുരാജിന്റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്നു. പുതിയൊരു സിനിമയുടെ ചർച്ചയ്ക്കെന്നു പറഞ്ഞ് 2019 ൽ ബാബുരാജ് ആലുവയിലെ വീട്ടിലേക്കു ക്ഷണിച്ചു. അവിടെവച്ച് പീഡനത്തിന് ഇരയാക്കി. പിറ്റേന്നാണ് പോകാൻ അനുവദിച്ചത്. പിന്നീടു ബാബുരാജിനെ കണ്ടിട്ടില്ലെന്നും മുൻ ജൂനിയർ ആർട്ടിസ്റ്റ് വെളിപ്പെടുത്തിയിരുന്നു.
2020ൽ പരസ്യചിത്രത്തിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത ശ്രീകുമാർ മേനോൻ, കൊച്ചിയിലെ ഹോട്ടലിലേക്കു വരാൻ ആവശ്യപ്പെട്ടു. പരസ്യചിത്രവുമായി ബന്ധപ്പെട്ടവർ ഹോട്ടലിലെ മറ്റൊരു മുറിയിലാണെന്നും ചർച്ചയ്ക്ക് അദ്ദേഹത്തിന്റെ മുറിയിലേക്ക് എത്താനും പറഞ്ഞു. മുറിയിൽവച്ചു പീഡിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതാണ് ചൂഷണങ്ങൾ തുറന്നു പറയാൻ ധൈര്യം നൽകിയതെന്നും യുവതി വെളിപ്പെടുത്തി.