ലഹരിമരുന്ന്, സെക്സ്; 2 സ്ത്രീകളെ ക്രൂരമായി കൊന്നു: ‘ഡെഡ്പൂൾ കില്ലർ’ക്ക് വധശിക്ഷ
Mail This Article
ഫ്ലോറിഡ∙ രണ്ടു സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ ‘ ഡെഡ്പൂൾ കില്ലറി’ന് വധശിക്ഷ വിധിച്ച് യുഎസ് കോടതി. ഫ്ലോറിഡ സ്വദേശിയായ വെയ്ഡ് വിൽസൺ എന്ന 30കാരനാണ് ലീ കൗണ്ടിയിലെ സർക്യൂട്ട് കോടതി ശിക്ഷ വിധിച്ചത്. മാർവെൽ സീരീസിലെ പ്രതിനായകനായ ഡെഡ്പൂൾ കില്ലറെന്ന വിളിപ്പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. യാതൊരു മുൻവൈരാഗ്യവുമില്ലാതെ വെറുതെ ‘കൊല്ലാൻ വേണ്ടി’ മാത്രമാണ് വിൽസൺ രണ്ട് കൊലപാതകങ്ങളും നടത്തിയതെന്ന് കോടതി പറഞ്ഞു.
2019ലാണ് ഇയാൾ ക്രിസ്റ്റിൻ മെൽട്ടൺ (35), ഡയാൻ റൂയിസ് (43) എന്നീ സ്ത്രീകളെ കൊലപ്പെടുത്തിയത്. ലഹരിമരുന്നിന് അടിമയായ ഇയാൾ സംഭവദിവസം രാത്രി ക്രിസ്റ്റിനുമായി ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം അവരെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് ഇവരുടെ കാർ മോഷ്ടിച്ചു. ക്രിസ്റ്റിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് പെൺസുഹൃത്ത് മെലിസ മോൺടാനെസിനെ വിളിച്ചുവരുത്തിയെങ്കിലും അവർ കാറിൽ കയറാൻ വിസമ്മതിച്ചതോടെ അവരെയും ആക്രമിച്ചു.
ഈ കാറിൽ യാത്ര ചെയ്യവേയാണ് രണ്ടാമത്തെ ഇരയായ ഡയാനെ കാണുന്നത്. വിൽസണോട് വഴി ചോദിച്ച ഡയാന് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽകയറ്റി ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഡയാന്റെ മൃതദേഹത്തോടും വലിയ ക്രൂരതയാണ് പ്രതി കാട്ടിയത്. കാറിൽനിന്ന് പുറത്തേക്കിറഞ്ഞ മൃതദേഹത്തിനു മുകളിലൂടെ ഇയാൾ വാഹനം പലതവണ കയറ്റിയിറക്കി. അവൾ സ്പെഗറ്റി പോലെ ആകുന്നതുവരെ ഇതു തുടർന്നുവെന്നാണ് കുറ്റബോധമില്ലാതെ പ്രതി പൊലീസിനോട് പറഞ്ഞത്.
അതിക്രൂരമാണ് പ്രതിയുടെ ചെയ്തികളെന്ന് ശിക്ഷ വിധിച്ച ജഡ്ജി നിക്കോളാസ് തോംപ്സൺ പറഞ്ഞു. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുമ്പോഴും ഇയാളെത്തേടി ഒട്ടേറെ പ്രണയലേഖനങ്ങളും അശ്ലീലചിത്രങ്ങളും എത്തിയിരുന്നു. മരുന്നുകൊണ്ട് വിൽസണെ മാറ്റിയെടുക്കാമെന്നും അയാളെ വെറുതെവിടണമെന്നും ആവശ്യപ്പെട്ട് ജഡ്ജിക്കുവരെ കത്തുകൾ ലഭിച്ചു.
ലഹരിമരുന്നിന് അടിമയായി തലച്ചോറിന് വ്യതിയാനം സംഭവിച്ച പ്രതി, ചെറുപ്പത്തിലേ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടയാളാണെന്ന് ജഡ്ജി പറഞ്ഞു. ഇതാകാം ഇയാളുടെ നിലവിലെ മാനസികസ്ഥിതിക്ക് കാരണമെന്നും കോടതി കൂട്ടിച്ചേർത്തു. ചെറുപ്പത്തിലേ മാതാപിതാക്കൾ ഇയാളെ ദത്തുനൽകിയതാണ്. പ്രതിക്ക് മാപ്പുനൽകണമെന്നാവശ്യപ്പെട്ട് ഇയാളെ ദത്തെടുത്ത രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു.