നടിയുടെ മൊഴിയെടുത്ത് അന്വേഷണ സംഘം; എല്ലാ കേസും പരിഗണനയിലുണ്ടെന്ന് പൊലീസ്
Mail This Article
കൊച്ചി ∙ നടനും എംഎൽഎയുമായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു ഉൾപ്പെടെ ഏഴു പേർക്കെതിരെ ആരോപണമുന്നയിച്ച നടിയിൽ നിന്ന് പ്രത്യേകാന്വേഷണ സംഘം മൊഴിയെടുത്തു. നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണ് പ്രത്യേകാന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഡിഐജി അജിതാ ബീഗം, ജി.പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്. എല്ലാ കേസുകളും പരിഗണനയിലുണ്ടെന്നും ഇതിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക എന്നും ഇരുവരും വ്യക്തമാക്കി.
കേസ് റജിസ്റ്റർ ചെയ്യുന്നത് ലോക്കൽ പൊലീസ് ആണെങ്കിലും പ്രത്യേകാന്വേഷണ സംഘത്തിനു തന്നെയായിരിക്കും അന്വേഷണ ചുമതല. നിലവിൽ പരാതിക്കാരിൽനിന്ന് മൊഴികൾ സ്വീകരിക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്. പലതും വർഷങ്ങൾക്ക് മുമ്പ് നടന്ന കേസുകൾ ആയതിനാൽ മൊഴികൾ എടുക്കുന്നതിനും കൂടുതൽ സമയം ആവശ്യമുണ്ട്. ഈ മൊഴികൾ പിന്നീട് വിശദമായി പരിശോധിക്കും. കേസ് റജിസ്റ്റർ ചെയ്യേണ്ടതാണെങ്കിൽ കുറ്റകൃത്യം നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനിലേക്ക് ഇതു കൈമാറും. തുടർന്ന് ഇവിടെയായിരിക്കും കേസിലെ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നത്. ഇതിനു ശേഷം സംസ്ഥാന ഡിജിപിക്ക് സമർപ്പിക്കുന്ന നടപടി ക്രമങ്ങളുടെ വിശദാംശങ്ങൾ, പ്രത്യേകാന്വേഷണ സംഘം തലവനു കൈമാറും.
പ്രത്യേകാന്വേഷണ സംഘമാണ് ആരാണ് കേസ് അന്വേഷിക്കേണ്ടത് എന്നു തീരുമാനിക്കുന്നത്. തുടർന്നായിരിക്കും വിശദമായ അന്വേഷണം. വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത പ്രദേശങ്ങളിൽ വച്ച് തനിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായി എന്നായിരുന്നു നടിയുടെ ആരോപണം. 2008ൽ സെക്രട്ടേറിയറ്റിൽ നടന്ന ഷൂട്ടിങ്ങിനിടെയാണ് ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത് എന്ന് നടി പറഞ്ഞിരുന്നു. റെസ്റ്റ് റൂമിൽ പോയി വരുമ്പോൾ ജയസൂര്യ പുറകിൽനിന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചെന്നും ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നുമാണ് നടി ആരോപിച്ചത്.
2013ലാണ് ഇടവേള ബാബുവിൽനിന്ന് മോശം പെരുമാറ്റമുണ്ടായത് എന്നാണ് നടി പറഞ്ഞത്. അമ്മയിൽ അംഗത്വം നേടാനായി ഇടവേള ബാബുവിനെ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഫോം പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ബാബു കഴുത്തിൽ ചുംബിച്ചെന്നും നടി പറയുന്നു.നടന്‍ മുകേഷ് ഫോണിൽ വിളിച്ചും നേരിൽ കണ്ടപ്പോഴും മോശമായി സംസാരിച്ചെന്നാണ് നടിയുടെ ആരോപണം. വില്ലയിലേക്ക് വരാൻ ക്ഷണിച്ചെന്നും അവർ പറഞ്ഞിരുന്നു.
മണിയൻപിള്ള രാജുവുമൊത്ത് ഒരുമിച്ച് സഞ്ചരിച്ചപ്പോൾ മോശമായി സംസാരിച്ചെന്നും മുറിയുടെ വാതിലിൽ മുട്ടിയെന്നും നടി ആരോപിക്കുന്നുണ്ട്. പ്രൊഡക്‌ഷൻ കണ്‍ട്രോളർ നോബിൾ, വിച്ചു, അഭിഭാഷകനും കോൺഗ്രസ് നേതാവുമായ വി.എസ്.ചന്ദ്രശേഖരൻ എന്നിവരാണ് നടിയോട് മോശമായി പെരുമാറിയെന്ന് ആരോപണമുള്ള മറ്റുള്ളവർ.