‘വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും നിരവധി ആരോപണങ്ങൾ നേരിടുന്നു; മുകേഷ് രാജിവയ്ക്കണം’
Mail This Article
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പുറത്തുവന്ന ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന നടൻ മുകേഷ്, എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 100 സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട് സംയുക്ത പ്രസ്താവന പുറത്തിറക്കി. മുകേഷിനെ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് സാറാ ജോസഫ്, കെ.അജിത, കെ.ആർ. മീര, രേഖാ രാജ്, സി.എസ്. ചന്ദ്രിക അടക്കമുള്ളവര്‍ ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു.
വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മുകേഷ് നിരവധി ആരോപണങ്ങൾ നേരിടുന്നയാളാണെന്നു പ്രസ്താവനയിൽ പറയുന്നു. ഇപ്പോൾ തന്നെ മൂന്ന് സ്ത്രീകൾ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഗാർഹിക പീഡനം, ബലാൽസംഗം, തൊഴിൽ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങൾ മുകേഷിന്റെ പേരിലുണ്ട്. നിയമനിർമാണ സഭയിലെ അംഗം എന്ന നിലയിൽ ഉത്തരവാദിത്തമുള്ള പദവിയാണ് എംഎൽഎ സ്ഥാനം. സിനിമാ മേഖലയിൽനിന്ന് തന്നെ ആരോപണങ്ങൾ നേരിടുന്നയാളെ സർക്കാർ സിനിമാ നയം രൂപീകരിക്കുന്ന സമിതിയിൽ ഉൾപ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണെന്നും പ്രസ്താവനയിൽ പറയുന്നു.
‘‘ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകേഷ് എംഎൽഎ സ്ഥാനം സ്വയം രാജിവയ്ക്കേണ്ടതാണ്. അതിന് തയാറാകാത്ത സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യാൻ സർക്കാർ തയാറാകണം. സിനിമ നയരൂപീകരണ സമിതിയിൽ നിന്നും സിനിമ കോൺക്ലേവിന്റെ ചുമതലകളിൽ നിന്നും ഒഴിവാക്കുകയും വേണം. അല്ലാത്തപക്ഷം മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ഓർമപ്പെടുത്തുന്നു’’ – പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മുകേഷിനെ മാറ്റി നിർത്തണം: സി.എസ്.ചന്ദ്രിക
സിനിമാ മേഖലയിലെ സ്ത്രീകൾ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നടൻ മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് മാറ്റി നിർത്തണമെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ. സി.എസ്.ചന്ദ്രിക ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മന്ത്രിസഭയിലെ വനിതാ അംഗങ്ങൾ ഒറ്റക്കെട്ടായി ശബ്ദമുയർത്തണം. ഇപ്പോഴത്തെ വനിതാവകുപ്പു മന്ത്രിയായ വീണാ ജോർജ് മാധ്യമ പ്രവർത്തകയായിരുന്ന കാലത്ത്, നടി സരിതയുമായി നടത്തിയ അഭിമുഖം മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും ഇടതുപക്ഷ മുന്നണിയിലെ നേതാക്കളും കാണണം. സരിതയുടെ ഭർത്താവ് ആയിരുന്ന നടനും ഇപ്പോൾ എംഎൽഎയുമായ മുകേഷ് നടത്തിയ ഗാർഹിക പീഡനങ്ങളുടെ ഭീകരമായ അനുഭവങ്ങളാണ് ആ അഭിമുഖത്തിലുള്ളത്.
ഇപ്പോൾ, മുകേഷിന്റെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് സിനിമാ മേഖലയിലെ സ്ത്രീകൾ തുറന്നു പറയുന്ന വാർത്തകളും വന്നു കൊണ്ടിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അതിന്റെ വിശദ വിവരങ്ങൾ ഉണ്ടാവാതിരിക്കില്ല. ഭാര്യയെ മർദിക്കുന്ന, കൊടിയ ഗാർഹികാതിക്രമങ്ങൾ നടത്തിയ മുകേഷ്, എംഎൽഎ ആയി തുടരാൻ പാടില്ല. അയാളുടെ അതിക്രമത്തിന്റെ ഇരകളും അതിജീവിതകളുമായ സ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടതുപക്ഷ മുന്നണിയും സർക്കാരും എംഎൽഎ സ്ഥാനത്തു നിന്ന് മുകേഷിന്റെ രാജി ആവശ്യപ്പെടണം. കേരളത്തിലെ സ്ത്രീകളുടെ ആഗ്രഹവും ആവശ്യവുമാണിത്. മന്ത്രിമാരായ വീണാ ജോർജും ആർ.ബിന്ദുവും മുകേഷിന്റെ രാജിക്കായി മന്ത്രിസഭയിൽ ശബ്ദമുയർത്തണമെന്നും ചന്ദ്രിക ആവശ്യപ്പെട്ടു.