ADVERTISEMENT

തിരുവനന്തപുരം∙ കോർപ്പറേഷൻ, മുൻസിപ്പൽ അതിർത്തിക്കുള്ളിൽ രണ്ട് സെന്റ് വരെയുള്ള ഭൂമിയിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ 3 മീറ്റർ വരെയുള്ള വഴിയാണെങ്കിൽ, ഫ്രണ്ട് യാർഡ് സെറ്റ് ബാക്ക് ഒരു മീറ്റർ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി എം.ബി. രാജേഷ്. താമസ ആവശ്യത്തിനു അനുയോജ്യമായ വേറെ ഭൂമി ഇല്ലാത്ത കുടുംബങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഈ ഇളവ് അനുവദിക്കുക. തിരുവനന്തപുരം കോർപ്പറേഷൻ അദാലത്തിൽ പരാതിയുമായി എത്തിയ നേമം സ്വദേശികളായ നാഗരാജന്റെയും കെ. മണിയമ്മയുടേയും പരാതി തീർപ്പാക്കിക്കൊണ്ടാണു നിർണായക നിർദേശം മന്ത്രി നൽകിയത്. 

വലിയ പ്ലോട്ടുകൾക്ക് 2 മീറ്ററും, 3 സെന്റിൽ താഴെയുള്ള പ്ലോട്ടുകൾക്ക് 1.8 മീറ്ററും ആയിരുന്നു നിലവിൽ റോഡിൽ നിന്നുള്ള ഫ്രണ്ട് സെറ്റ്ബാക്ക് നിശ്ചയിച്ചിരുന്നത്. കെഎംബിആർ 2019 റൂൾ 26(4), 28(3) ഭേദഗതി വരുത്തി ഇളവ് നൽകാനാണ് അദാലത്തിൽ തീരുമാനമെടുത്തത്. സംസ്ഥാനത്തെമ്പാടും ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഗുണകരമാവുന്ന തീരുമാനമാണ് തദ്ദേശ അദാലത്തിൽ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. നഗരങ്ങളിലെ ചെറിയ പ്ലോട്ടുകളിൽ താമസത്തിനായി ചെറിയ വീട് നിർമിച്ച് ഇനിയും വീട് നമ്പർ ലഭിക്കാത്തവർക്ക് ഈ ചട്ടഭേദഗതി ഗുണകരമാകും. 

ഓട്ടോറിക്ഷ തൊഴിലാളിയായ നാഗരാജന്റെ ഏറെ നാളത്തെ സ്വപ്‌നമായിരുന്നു സ്വന്തം ഭൂമിയിലെ വീട്. വീടിന് യുഎ നമ്പറാണ് ലഭിച്ചത് എന്നതിനാൽ വലിയ നികുതി വരുന്നുവെന്നും ഈ നികുതി കുറയ്ക്കണമെന്നുമുളള ആവശ്യവുമായാണു നാഗരാജനും മണിയമ്മയുമെത്തിയത്. ഒന്നര സെന്റിലാണ് ഓട്ടോറിക്ഷ തൊഴിലാളിയായി നാഗരാജൻ 86.54 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള വീട് നിർമിച്ചത്. മുന്നിലുള്ള റോഡിൽ നിന്ന് ആവശ്യത്തിന് അകലം പാലിച്ചില്ലെന്നതിനാൽ യുഎ നമ്പർ ആണ് ഇവർക്ക് ലഭിച്ചിരുന്നത്. ഇതിനാൽ പ്രതിവർഷം 5948 രൂപയായിരുന്നു നികുതി. ഇതിനു പുറമെ ലോൺ എടുക്കാനും തടസങ്ങളുണ്ടായിരുന്നു. ചട്ട ഭേദഗതിക്ക് ശേഷം ഇവരുടെ അപേക്ഷ പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ നഗരസഭയ്ക്ക് മന്ത്രി നിർദ്ദേശം നൽകി.

English Summary:

Kerala Relaxes Building Rules for Small Houses on 2 Cent Plots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com