ADVERTISEMENT

കൊച്ചി∙ സർക്കാർ ആവശ്യപ്പെട്ടാൽ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്ന ഷാജി എൻ. കരുണിന്റെ പ്രസ്താവനയോടു പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. ബീന പോളിനെ തഴഞ്ഞ് ഷാജി എൻ. കരുണിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാൻ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. 

ഷാജി എം.കരുൺ ചലച്ചിത്ര അക്കാദമി നേതൃസ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്നു പറയുന്ന ‘മനോരമ ഓൺലൈൻ’ വാർത്ത പങ്കുവച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതിയുടെ  പ്രതികരണം.  ‘‘ഇത്രയും മഹാമനസ്കതയുടെയൊന്നും ആവശ്യമില്ലായിരിക്കും സർ. ഒരുപക്ഷേ, ഈ സ്ഥാനത്തേക്കു വരാൻ എല്ലാ യോഗ്യതയുമുള്ള വ്യക്തി തന്നെ ആ സ്ഥാനത്തേക്ക് എത്തുന്നുവെന്ന് നിങ്ങൾക്ക് ഉറപ്പുവരുത്താനും കഴിയും. ഒരു സ്ത്രീ ചുമതലയേറ്റെടുത്തു എന്നു കരുതി ലോകം അവസാനിക്കില്ല. ബീന പോൾ ഫോർ ചലച്ചിത്ര അക്കാദമി ചെയർപഴ്സൻ’’ – പാർവതി  പറഞ്ഞു. 

നടി പാർവതി തിരവോത്ത് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി
നടി പാർവതി തിരുവോത്ത് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി

ചലച്ചിത്ര അക്കാദമി അധ്യക്ഷനായിരുന്ന സംവിധായകൻ രഞ്ജിത്തിന് ലൈംഗികാതിക്രമ പരാതികളെത്തുടർ‌ന്നു രാജി വയ്‌ക്കേണ്ടി വന്നിരുന്നു. ഡിസംബറിൽ രാജ്യാന്തര ചലച്ചിത്ര മേള നടക്കാനിരിക്കെ, അക്കാദമിക്ക് എത്രയും പെട്ടെന്ന് അധ്യക്ഷനെ നിയമിക്കേണ്ടതുണ്ട്. സിനിമാ പീഡന ആരോപണങ്ങളുണ്ടായപ്പോൾ, അക്കാദമിയുടെ അധ്യക്ഷ പദവിയിൽ ഒരു സ്ത്രീയുണ്ടാകുന്നതാണ്  ഉചിതമെന്ന് അഭിപ്രായമുയർന്നിരുന്നു. ബീന പോളിന്റെ പേരാണ് ഉയർന്നുവന്നത്. ഐഎഫ്എഫ്കെ ഡയറക്ടറായി നീണ്ടനാൾ പ്രവർത്തിച്ച അനുഭവസമ്പത്താണ് ബീന പോളിന് അനുകൂലമായി ചൂണ്ടിക്കാട്ടിയത്.

ഡബ്ല്യുസിസി സ്ഥാപകാംഗങ്ങളിൽ ഒരാൾ കൂടിയാണ് ബീന പോൾ. എന്നാൽ ബീനയെ ഒഴിവാക്കി ഷാജി എൻ. കരുണിനെ അധ്യക്ഷനാക്കാനാണ് സർക്കാർ നീക്കമെന്നായിരുന്നു വിവരം. നിലവിൽ ചലച്ചിത്ര വികസന കോർപറേഷൻ അധ്യക്ഷനാണ് ഷാജി എൻ. കരുൺ.

English Summary:

Parvathy Voices Support for Female Leadership in Malayalam Cinema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com