ADVERTISEMENT

താരസംഘടനയായ 'അമ്മ'യിലെ കൂട്ടരാജി ഭീരുത്വമെന്ന് പാർവതി തിരുവോത്ത്. സ്വന്തം അംഗങ്ങൾക്കു നേരെ ആരോപണം വരുന്നതു വരെ ഇത്തരം വിഷയങ്ങളൊന്നും സംഭവിക്കാത്ത മട്ടിലായിരുന്നു ഭരണസമിതിയിലെ അംഗങ്ങൾ പ്രതികരിച്ചതെന്ന് പാർവതി ആരോപിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായി മാത്രമെ കൂട്ടരാജിയെ കണക്കാക്കാൻ കഴിയൂ എന്നും പാർവതി പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തക ബർക്കാ ദത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവതി നിലപാട് വ്യക്തമാക്കിയത്.

പാർവതിയുടെ വാക്കുകൾ: ‘‘മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമായിട്ടാണ് എനിക്ക് ആ കൂട്ടരാജിയെ തോന്നിയത്. ഈ സംവാദം മുൻപോട്ടു കൊണ്ടുപോകാനുള്ള ചുമതല വീണ്ടും സ്ത്രീകളിലേക്ക് ആരോപിക്കപ്പെടുകയാണ്. സർക്കാരിനൊപ്പം ഈ വിഷയത്തിൽ പ്രവർത്തിച്ച് പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്താനുള്ള മനസെങ്കിലും കാണിച്ചിരുന്നെങ്കിൽ നന്നാകുമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന കുറ്റാരോപിതനെ കേസ് തീരുന്നതിനു മുൻപ് സ്വാഗതം ചെയ്തത് ഇതേ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ്. സ്വന്തം അംഗങ്ങൾക്കു നേരെ ആരോപണം വരുന്നതു വരെ ഇത്തരം വിഷയങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞതും ഇതേ കമ്മിറ്റിയാണ്.’’

‘‘സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ പൊലീസിൽ കേസ് റജിസ്റ്റർ നിയമനടപടികളുമായി മുൻപോട്ടു പോകാമെന്നു പറയുന്ന സർക്കാരിന്റെ നിലപാടും വിമർശിക്കപ്പെടേണ്ടതാണ്. കാരണം, എഫ്ഐആർ രജിസ്റ്റർ ചെയ്ത് പേര് വെളിപ്പെടുത്തേണ്ട ഉത്തരവാദിത്തം വീണ്ടും സ്ത്രീകളുടെ ചുമലിലേക്ക് വരികയാണ്. അതായത്, ആളുകളുടെ പേര് വെളിപ്പെടുത്തിയതിന്റെ നാണക്കേട് കൂടി ആ സ്ത്രീകൾ നേരിടേണ്ടി വരികയാണ്. ഈ നാണക്കേടെല്ലാം സഹിച്ച് പരാതി കൊടുത്തിട്ട് നീതി കിട്ടുമെന്നതിന് എന്തെങ്കിലും ഉറപ്പുണ്ടോ? അതിനു ശേഷം കരിയറിലും ജീവിതത്തിലും സംഭവിക്കുന്നതിനെക്കുറിച്ചോ കടന്നു പോകേണ്ടി വരുന്ന മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചോ ആരും ഒന്നും പറയുന്നില്ല. ഇതെല്ലാം തെളിയിക്കേണ്ട അധിക ബാധ്യത എന്തുകൊണ്ട് സ്ത്രീകളിൽ തന്നെ വരുന്നു എന്നതാണ് വലിയ ചോദ്യം,’’ പാർവതി പറഞ്ഞു.

"ഈ പ്രശ്നങ്ങളൊന്നും തന്നെ സ്ത്രീകൾ ഉണ്ടാക്കുന്നതല്ല. പക്ഷേ, അതിന്റെ അധിക ബാധ്യത സ്ത്രീകളാണ് ചുമക്കേണ്ടി വരുന്നത്. എപ്പോഴാണ് ഈ പുരുഷന്മാർ അവരുടെ ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ പോകുന്നത്? സത്യത്തിൽ അവരുണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഇതെല്ലാം. വെളിപ്പെടുത്തൽ നടത്തുന്ന സ്ത്രീകളോട് എനിക്ക് വലിയ ബഹുമാനം ഉണ്ട്. അവർക്കൊപ്പം തന്നെയാണ് ഞാൻ നിൽക്കുന്നത്. വിമൻ കലക്ടീവ് നിൽക്കുന്നത് അവർക്കു വേണ്ടിയാണ്. പക്ഷേ, അവരെ ഇതു ചെയ്യാൻ സമ്മർദ്ദത്തിലാക്കുന്നത് തീർത്തും അനാവശ്യമാണ്, അനീതിയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാൻ വൈകിയപ്പോൾ തന്നെ അതിജീവിതകൾക്കു ലഭിക്കേണ്ട നീതി വൈകി. ഇപ്പോൾ ഞങ്ങൾ ഇതിനെതിരെ ജാഗ്രതാ മാർഗം കൂടി സ്വീകരിക്കാൻ നിർബന്ധിക്കപ്പെടുകയാണ്," പാർവതി ചൂണ്ടിക്കാട്ടി. 

താരസംഘടനയുടെ നിലപാടിൽ അദ്ഭുതമില്ലെന്ന് ആവർത്തിച്ച പാർവതി സംഘടനയിൽ നിന്ന് സന്തോഷപൂർവം രാജി വയ്ക്കാനുണ്ടായ കാരണവും മറ്റൊന്നല്ലെന്നു വ്യക്തമാക്കി. "ഞാൻ ആ സംഘടനയുടെ ഭാഗമായിരുന്നു. അത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് എനിക്കറിയാം. ഇത്തരം പ്രവർത്തികളിലൂടെ അവർക്ക് ആരെയും വിഡ്ഢികളാക്കാൻ കഴിയില്ല. പിന്തുണയ്ക്കുന്നുണ്ടെന്ന് വെറുതെ പറയുന്നത് പോട്ടെ, അവർ ആദ്യം നമ്മെ ഇരുട്ടിലാക്കും. എന്നിട്ട്, തുറന്നു പറച്ചിൽ നടത്തുന്ന സ്ത്രീകളെ വ്യക്തിഹത്യ നടത്താൻ തുടങ്ങും. അവർ എങ്ങനെയുള്ളവരാണെന്ന് സമൂഹം കണ്ടു കഴിഞ്ഞു. ഒരു തരത്തിൽ ഇത്തരം ഉടയലുകൾ നല്ലതാണ്. കാരണം, സംഘടനയിൽ ഒരുപാട് പേർ അംഗങ്ങളാണ്. വലിയൊരു സംഘബലം അവർക്കുണ്ട്. അവർക്ക് മെച്ചപ്പെട്ട നേതൃത്വം ലഭിക്കുന്നതിന് ഈ ചർച്ചകൾ ഉപകാരപ്പെടും. അക്കാര്യത്തിൽ ഞാൻ ആ സംഘടനയിലെ അംഗങ്ങൾക്കൊപ്പമാണ്. കാരണം, പ്രശ്നങ്ങൾ ഉന്നയിക്കാൻ ഭയക്കുന്ന ഒരു സാഹചര്യമാണ് ആ സംഘടനയുടെ അകത്തുള്ളത്. പല തരത്തിലുള്ള അധികാരശ്രേണികളുള്ള ഒരു വ്യവസ്ഥിതി ആണ് അതിലുള്ളത്." 

"അടിസ്ഥാന പ്രശ്നങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് മാറ്റി നിറുത്തപ്പെട്ടവരാണ് ഞങ്ങൾ. എനിക്ക് സിനിമകൾ നഷ്ടപ്പെട്ടു. എങ്കിലും, കലക്ടീവിലെ പ്രിവിലജുള്ള അംഗമായിട്ടാണ് ഞാൻ എന്നെ വിലയിരുത്തുന്നത്. കാരണം, എനിക്ക് ഇപ്പോൾ വർക്കുകൾ കിട്ടുന്നുണ്ട്. അതിനൊരുപക്ഷേ കാരണം, ഞാൻ ആത്യന്തികമായി മലയാളം ഇൻഡസ്ട്രിയെ മാത്രമല്ല ആശ്രയിക്കുന്നത്. എന്നാൽ, എനിക്കേറ്റവും സ്നേഹം ലഭിക്കുന്നത് മലയാളത്തിൽ നിന്നാണ്. തുടരെ തുടരെ ഹിറ്റുകൾ കൊടുത്തിട്ടും എന്നെത്തേടി അവസരങ്ങൾ വരുന്നത് നിലച്ചു. ആ സമയത്ത് തമിഴിലും തെലുങ്കിലും ഹിന്ദിയിലും എനിക്ക് അവസരങ്ങൾ ലഭിച്ചു. പക്ഷേ, കലക്ടീവിലെ ചില അംഗങ്ങൾക്ക് ജീവിക്കാനായി മറ്റു ജോലികൾ തേടേണ്ടി വന്നു. ഈ പോരാട്ടത്തിന്റെ മുന്നിൽ ഞങ്ങളുണ്ട്. അതിന് ഞങ്ങൾക്ക് വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇനി ഒരു തിരിച്ചുപോക്കില്ല. അതിനെത്ര വില കൊടുക്കേണ്ടി വന്നാലും ശരി, ഇനി പിന്നോട്ടില്ല. ഈ പോരാട്ടം അധിക കാലം തുടരേണ്ടി വരില്ല. കാരണം, അധികാരവ്യവസ്ഥകൾ പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. വേദനയുണ്ട്. ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടാലും വേണ്ടില്ല, ആത്മാഭിമാനം കളഞ്ഞൊരു പരിപാടിക്കില്ല," പാർവതി വ്യക്തമാക്കി. 

English Summary:

AMMA Under Fire: Parvathy Thiruvothu Exposes Hypocrisy in Shocking Interview with Barkha Dutt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com