ഒളിച്ചിട്ടും ‘വലംകൈ’ റാഞ്ചി ഇസ്രയേൽ ചാരൻ; അന്നം കൊടുത്ത കൈകൊണ്ട് കെട്ടിത്തൂക്കി; കടലിലൊഴുക്കിയിട്ടും തീരാത്ത ഭയം!
Mail This Article
‘സംരക്ഷിച്ചു പരിപാലിച്ച കൈകൊണ്ട് ജീവനെടുക്കുക’ എന്ന് കേട്ടിട്ടില്ലേ? സ്വന്തം മനഃസാക്ഷിയെ എതിർത്തുകൊണ്ട് അത്തരത്തിൽ ഒരു ‘ഉത്തരവാദിത്തം’ നിറവേറ്റിയതിന്റെ അസമാധാനവും പേറിയാണ് ശാലോം നഗറെന്ന മുൻ ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥൻ അടുത്തകാലത്ത് മരണത്തിന് കീഴടങ്ങിയത്. ശാലോം ആദ്യം സംരക്ഷണം ഒരുക്കുകയും പിന്നീട് തൂക്കുകയർ കഴുത്തിൽ മുറുക്കുകയും ചെയ്തതോ, ഒരു കാലത്ത് ലോകം മുഴുവൻ ഭയത്തോടെ മാത്രം നോക്കിക്കണ്ടിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ വലംകയ്യായിരുന്ന അഡോൾഫ് ഐക്മാനെയും. ജൂതരെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി ഹിറ്റ്ലർ തുടങ്ങിവച്ച അരുംകൊലകളുടെ ‘മുഖ്യ ഉപജ്ഞാതാവും കൂട്ടക്കുരുതിയുടെ സംഘാടകനുമായിരുന്ന’ ഐക്മാനും ജയിൽ ജീവനക്കാരനായിരുന്ന ശാലോമും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് വളരെ നാടകീയമായാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജർമനിയിൽ മറ്റൊരു പേരിലാണ് ഐക്മാൻ ജീവിച്ചിരുന്നത്. 1950ൽ അവിടെ നിന്ന് അർജന്റീനയിലേക്ക് പലായനം ചെയ്യുകയും അവിടെ ഒളിവിൽ കഴിയുകയും ചെയ്യുന്നതിനിടെ ഇസ്രയേൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി ജയിലിൽ എത്തിക്കുകയായിരുന്നു. അന്നുമുതലാണ് ഐക്മാനും ശാലോം നഗറും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്.