ADVERTISEMENT

തൃശൂർ∙ ഹണിട്രാപ്പിൽ കുടുങ്ങിയ മന്ത്രി ശശീന്ദ്രനു തോന്നിയ ബുദ്ധി മുകേഷിനു തോന്നട്ടെയെന്നു എഴുത്തുകാരി സാറാ ജോസഫ്. രാജിവച്ചു മാറിനിൽക്കൂവെന്നാണു മുകേഷിനോട് പറയാനുള്ളത്. നിങ്ങൾ കുറ്റക്കാരനല്ലെങ്കിൽ തിരിച്ചുവരൂവെന്നും ജനം നിങ്ങളെ മനസിലാക്കുമെന്നും സാറാ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചു. ‘‘എംഎൽഎയെയോ പാർട്ടിക്കാരനെയ അല്ല നിങ്ങൾ സംരക്ഷിക്കുന്നത്. ലൈംഗിക കുറ്റാരോപിതനെയാണ്. മാതൃകാപരമായി രാജിവച്ചു മാറിനിന്ന് അന്വേഷണത്തെ നേരിടാൻ അയാളെ പ്രേരിപ്പിക്കുന്നതിനുപകരം സമൂഹ മനസിൽ നിലനിൽക്കുന്ന അരക്ഷിതത്വവും ഭയവും വർധിപ്പിക്കുന്ന നയമാണു നിങ്ങൾ കൈക്കൊള്ളുന്നത്’’ – സാറാ ജോസഫ് സിപിഎമ്മിനോട് പറയുന്നു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാജ്യത്ത് നടക്കുന്ന ലൈംഗിക അക്രമങ്ങൾ ക്രൂരതയുടെ കാര്യത്തിൽ അങ്ങേയറ്റം വരെ പോയിക്കൊണ്ടിരിക്കുകയാണ്.പിജിഡോക്ടറുടെ കൊലയടക്കം നിർഭയ, സൗമ്യ,ജിഷ...സ്ത്രീകളും കുട്ടികളും ക്വീർമനുഷ്യരും ദുർബലരായ ആൺകുട്ടികളും  അവരുടെയൊക്കെ മാതാപിതാക്കളും അനുഭവിക്കുന്ന അരക്ഷിതത്വവും ഭയവും വേദനയും സർക്കാരിന് ഒരു വിഷയമല്ലേ? ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷ് രാജിവച്ച് അന്വേഷണം നേരിടേണ്ടതില്ലെന്നു പറയുന്ന സർക്കാർ എന്ത് സുരക്ഷിതത്വമാണു സമൂഹത്തിനു വാഗ്ദാനം ചെയ്യുന്നത് ? അധികാരത്തിലിരിക്കുന്നവർ തന്നെ ഇങ്ങനെ സംരക്ഷിക്കപ്പെടുകയാണെങ്കിൽ സാധാരണക്കാർക്ക് എന്ത് വിശ്വാസമാണു നിങ്ങളിലുണ്ടാവുക?

നിങ്ങൾ ഇപ്പോൾ നിങ്ങളുടെ  ഒരു എംഎൽഎയെയോ പാർട്ടിക്കാരനെയോ അല്ല സംരക്ഷിക്കുന്നത്. ലൈംഗിക കുറ്റാരോപിതനെയാണ്. മാതൃകാപരമായി രാജിവച്ച് മാറിനിന്ന് അന്വേഷണത്തെ നേരിടാൻ അയാളെ പ്രേരിപ്പിക്കുന്നതിനുപകരം സമൂഹ മനസിൽ നിലനിൽക്കുന്ന അരക്ഷിതത്വവും ഭയവും വർധിപ്പിക്കുന്ന നയമാണു നിങ്ങൾ കൈക്കൊള്ളുന്നത്. നിങ്ങൾക്കുവേണ്ടി മിണ്ടാതിരിക്കുന്ന സകല ബുദ്ധിജീവികളോടും സാംസ്കാരികപ്രവർത്തകരോടും പുരോഗമനവാദികളോടും കണക്കുതീർക്കുന്ന കാലം വരികതന്നെ ചെയ്യും.

English Summary:

Sara Joseph Demands MLA Mukesh's Resignation Over Sexual Allegations, Citing Saseendran Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com