ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രവർത്തനരീതിയിൽ വലിയ മാറ്റം വന്നെന്നും അദ്ദേഹം വിജയം അറിഞ്ഞു തുടങ്ങിയെന്നും ബിജെപി നേതാവ് സ്മൃതി ഇറാനി. രാഷ്ട്രീയത്തിൽ രാഹുൽ ഇപ്പോൾ പുതിയ തന്ത്രങ്ങളാണു പയറ്റുന്നതെന്നും സ്മൃതി പറഞ്ഞു. പോഡ്കാസ്റ്റ് അഭിമുഖത്തിലാണു സ്മൃതിയുടെ പരാമർശം. 

‘രാഹുൽ ഗാന്ധി ജാതിയെക്കുറിച്ചു സംസാരിക്കുമ്പോൾ, പാർലമെന്റിൽ വെള്ള ടീഷർട്ട് ധരിച്ച് വരുമ്പോൾ അതു യുവാക്കൾക്കു നൽകുന്ന സന്ദേശമെന്തായിരിക്കും എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് പൂർണബോധ്യമുണ്ട്. ഒരു പ്രത്യേകവിഭാഗത്തെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള പ്രവൃത്തികളാണ് അദ്ദേഹത്തിന്റേത്. അത് നല്ലതെന്നോ ചീത്തയെന്നോ അപക്വമെന്നോ നിങ്ങൾക്കു തോന്നിയാലും അതിനെ വിലകുറച്ചു കാണാനാവില്ല. അത് മറ്റൊരുതരം രാഷ്ട്രീയമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റെ പ്രാധാന്യം നിലനിർത്താനുള്ള അദ്ദേഹത്തിന്റെ വിശാലതന്ത്രത്തിന്റെ ഭാഗമാണത്.’–സ്മൃതി ഇറാനി പറഞ്ഞു.

അതേസമയം കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെ സ്മൃതി വിമർശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ രാഹുൽ ഗാന്ധി നടത്തിയ ക്ഷേത്രസന്ദർശനങ്ങൾ അദ്ദേഹത്തിനു ഗുണം ചെയ്തില്ല. മറിച്ച് അത് വോട്ടർമാരിൽ സംശയമാണുണ്ടാക്കിയത്. ഇത്തരം പരാജയപ്പെട്ട തന്ത്രങ്ങളിൽനിന്നു മാറിനിൽക്കാനുള്ള തീരുമാനത്തെത്തുടർന്നാണ് അദ്ദേഹം വിജയിച്ചു തുടങ്ങിയത്. പഴയതന്ത്രങ്ങൾ ഫലിക്കാതെ വന്നതോടെ അദ്ദേഹം ജാതിരാഷ്ട്രീയത്തിലേക്കു കളംമാറ്റിയെന്നും സ്മൃതി പറഞ്ഞു. 

രാഹുൽ ഗാന്ധിയുടെ കടുത്ത വിമർശകയായിരുന്നു സ്മൃതി ഇറാനി. 2014ൽ രാഹുലിനെതിരെ അമേഠിയിൽ മത്സരിച്ച് പരാജയപ്പെട്ട സ്മൃതി 2019ൽ ഇതേ സീറ്റിൽ രാഹുലിനെ പരാജയപ്പെടുത്തിയിരുന്നു. ഇരുവരും പലതവണ വാക്പോര് നടത്തിയിട്ടുണ്ട്.

English Summary:

Smriti Irani: Don't Underestimate Rahul Gandhi's New Political Strategy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com