ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ; പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ബംഗാൾ
Mail This Article
കൊൽക്കത്ത∙ ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകുന്നതു സംബന്ധിച്ച നിയമനിർമാണത്തിന് രണ്ട് ദിവസത്തെ പ്രത്യേക നിയമസഭാസമ്മേളനം ചേരാൻ ബംഗാൾ സർക്കാർ. ബലാത്സംഗത്തിനു കൊലക്കയർ ഉറപ്പാക്കുന്ന നിയമനിർമാണം കൊണ്ടുവരുമെന്നു മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നിയമസഭ സമ്മേളിക്കുമെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു.
അതേസമയം, യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന ബിജെപി ആരോപണം മമത ബാനർജി തള്ളി. യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബംഗാളിൽ പ്രതിഷേധം കനക്കുമ്പോഴായിരുന്നു മമതയ്‌ക്കെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തിയത്. തനിക്കെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമാണെന്നു മമത എക്സിൽ കുറിച്ചു.
ആർ.ജി കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. മമതാ ബാനർജിയുടെ വസതി തകർക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഞ്ച് പേരെ കൊൽക്കത്ത പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. വാട്സാപ്പ് ഗ്രൂപ്പ് വഴിയായിരുന്നു ഇവരുടെ ആഹ്വാനം. വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ ഉൾപ്പടെയുള്ളവരെയാണ് ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്. ‘ഞങ്ങൾക്ക് നീതി വേണം’ എന്ന തലക്കെട്ടിലുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിലാണ് ഗൂഢാലോചന നടന്നത്.