‘കുറ്റകരമായ മൗനം’: സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജിവച്ചു
Mail This Article
കൊച്ചി∙ സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്നും രാജിവച്ചു. ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് ആഷിഖ് അബു രാജിവച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചെന്നു ചൂണ്ടിക്കാട്ടിയാണു രാജി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ഇതുവരെ മാധ്യമങ്ങളെ കണ്ടിട്ടില്ല. ഇതിനെതിരെ സംഘടനയ്ക്കുള്ളിൽ കടുത്ത അമർഷമുണ്ട്. അതിനിടെയാണ് ആഷിഖ് അബുവിന്റെ രാജി. ആഷിഖിന് പിന്തുണ അറിയിച്ച് കൂടുതൽ രാജി ഉണ്ടാകുമോയെന്നാണ് ആകാംക്ഷ.
ആഷിഖ് അബുവിന്റെ വാക്കുകൾ
2009 ഒക്ടോബറിൽ ഫെഫ്ക രൂപീകരിക്കുന്ന സമയം മുതൽ ഞാൻ ഈ സംഘടനയിൽ അംഗമാണ്. പിന്നീടു നടന്ന തിരഞ്ഞെടുപ്പിൽ സംവിധായകരുടെ യൂണിയൻ എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടോ മൂന്നോ എക്സിക്യൂട്ടീവ് യോഗങ്ങളിൽ പങ്കെടുത്തിട്ടും ഉണ്ട്. 2012ൽ ഒരു സിനിമയുടെ നിർമാതാവിൽ നിന്നു ലഭിക്കേണ്ട പണം സംബന്ധിച്ച എന്റെ പരാതിയിൽ യൂണിയൻ ഇടപെട്ടതു തികച്ചും അന്യായമായാണ്. അതേ നിർമാതാവിന്റെ മറ്റൊരു ചിത്രം നിർമാണത്തിൽ ഇരിക്കെയാണ് ഞാനും ഇതേ പരാതിയുള്ള തിരക്കഥാകൃത്തുക്കളും പരാതി സംഘടനയിൽ ഉയർത്തിയത്. എന്നാൽ നിർമാണത്തിൽ ഇരിക്കുന്ന ഇതേ നിർമാതാവിന്റെ സിനിമയുടെ റിലീസ് സമയത്തും ഫെഫ്കയിൽ നിന്ന് ഈ തുകക്കുവേണ്ടി സമ്മർദം ഉണ്ടായില്ല. ഏറെ വൈകി അവകാശപ്പെട്ട തുകയുടെ പകുതി മാത്രമാണു ലഭിച്ചത്. പരാതിയിൽ ഇടപെട്ട സംഘടന ഞങ്ങൾക്ക് അവകാശപ്പെട്ട തുകയുടെ 20 ശതമാനം കമ്മിഷനായി വേണം എന്നാവശ്യപ്പെട്ടു. ലഭിച്ച തുകയിൽ നിന്നു 20 ശതമാനം ആവശ്യപ്പെട്ടു ഫെഫ്കയുടെ ഓഫിസിൽ നിന്ന് ഒരു ദിവസം ലഭിച്ചത് 3 ഫോൺ കോളുകൾ.
വരിസംഖ്യയും ലെവിയും അടക്കുന്ന അംഗങ്ങളോട് 20 ശതമാനം കമ്മിഷൻ ആവശ്യപ്പെടുന്നത് അനീതിയാണെന്ന് സിബി മലയിലിനോട് ഞാൻ തർക്കം ഉന്നയിച്ചു. അതേ തുടർന്ന് ഞാനും സിബി മലയിലും തമ്മിൽ വാക്കുതർക്കമുണ്ടായി. പണം കൊടുക്കണം എന്ന ഉറച്ച നിലപാടിൽ സിബി മലയിൽ, തൊഴിലാളി സംഘടന പരാതിയിൽ ഇടപെടുന്നതിനു കമ്മിഷൻ ചോദിക്കുന്നത് അനീതിയാണെന്ന് പറഞ്ഞ എന്നോട് നിർബന്ധപൂർവം പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടു. മനസിൽ ശപിച്ചുകൊണ്ട് ഞാൻ ചെക്ക് എഴുതി കൊടുത്തുവിട്ടു. ഞാൻ മിണ്ടാതിരിക്കില്ല എന്ന് ബോധ്യം വന്നതുകൊണ്ടാണോ അതോ ചോദ്യം ചെയ്യപ്പെട്ടതിൽ ഉള്ള പ്രതിഷേധമോ പിണക്കമോ കൊണ്ടാണോ എന്നറിയില്ല സിബി മലയിൽ എന്റെ ചെക്ക് തിരിച്ചയച്ചു. എന്റെ കൂടെ പരാതിപ്പെട്ട എഴുത്തുകാരായ മറ്റു രണ്ടുപേരുടെ പക്കൽ നിന്ന് 20 ശതമാനം സർവീസ് ചാർജ് സംഘടന വാങ്ങി. എനിക്ക് നിർമാതാവിൽ നിന്ന് ലഭിക്കേണ്ട ബാക്കി 50 ശതമാനം തുകയുടെ കാര്യത്തിൽ പിന്നീട് സംഘടന ഇടപെട്ടില്ല. ഇപ്പോഴും ആ പണം എനിക്ക് കിട്ടിയിട്ടില്ല.
ഈ ഘട്ടത്തിൽ തന്നെ ഞാൻ സംഘനടയിൽ നിന്നും അകന്നു. ഒരു തൊഴിലാളി സംഘടന എന്ന നിലയിൽ വീണ്ടും വരിസംഖ്യയും ലെവിയും അടക്കുന്ന അംഗമായി തുടർന്നു പോന്നു. എന്നാൽ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പിന്നെ ഈ സംഘടനയുടെ കുറ്റകരമായ മൗനം, പിന്നീട് പത്രക്കുറിപ്പെന്ന പേരിൽ പുറത്തിറങ്ങിയ കുറച്ചു വാചക കസർത്തുകൾ, ‘പഠിച്ചിട്ടു പറയാം’, വൈകാരിക പ്രതികരണങ്ങൾ അല്ല വേണ്ടത് എന്ന നിർദേശം എന്നിവയൊക്കെ ഒരംഗം എന്ന നിലയിൽ എന്നെ ഏറെ നിരാശപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഈ സംഘടനയും നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നു. നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവയ്ക്കുന്നതായി അറിയിക്കുന്നു.