ബസിൽ വച്ച് യുവതിയെ ഉപദ്രവിച്ചു; പ്രതി മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥൻ, അച്ചടക്കനടപടിയില്ല
Mail This Article
തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ കടുത്ത നിലപാടു വേണമെന്ന് ആവശ്യപ്പെടുന്ന സിപിഐ, സ്വന്തം വകുപ്പിനു കീഴിലെ ഉന്നത ഉദ്യോഗസ്ഥൻ സ്ത്രീയെ അപമാനിച്ച കേസിൽ പ്രതിയായി നാലു മാസത്തിലേറെയായിട്ടും അനങ്ങാപ്പാറ നയം തുടരുന്നതായി ആരോപണം. മന്ത്രി ജെ.ചിഞ്ചുറാണി ഭരിക്കുന്ന മൃഗസംരക്ഷണ വകുപ്പാണ് പ്രതിക്കൂട്ടിൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ, കർശന നടപടികൾ ആവശ്യപ്പെട്ടു സിപിഐ സംസ്ഥാന സെക്രട്ടറിക്കു പുറമേ മന്ത്രി ജെ.ചിഞ്ചുറാണിയും പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ത്രീവിരുദ്ധ നടപടികളിൽ പോലും ഒന്നും ചെയ്യാത്തവരാണു പുറമേക്ക് വിമർശനം ഉന്നയിക്കുന്നതെന്നാണ് ആരോപണം.
കെഎസ്ആർടിസി ബസിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതിനു ലൈവ് സ്റ്റോക് ഡവലപ്മെന്റ് ബോർഡ് എംഡി ഡോ. ആർ.രാജീവ് പ്രതിയായ കേസാണു സിപിഐയെ തിരിഞ്ഞുകൊത്തുന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്നിന് ബസ് യാത്രയ്ക്കിടെ, തന്റെ മുന്നിലെ സീറ്റിൽ ഇരുന്ന യുവതിയെ പ്രതി ഉപദ്രവിച്ചെന്നാണു പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ഉൾപ്പെടുന്ന ഐപിസി 354 വകുപ്പ് പ്രകാരം പട്ടണക്കാട് പൊലീസ് അന്നു തന്നെ കേസെടുത്ത് എംഡിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.
പിറ്റേന്ന് വീണ്ടും കോടതിയിൽ ഹാജരായതോടെ സ്ഥിര ജാമ്യവും ലഭിച്ചു. എന്നാൽ, ഉദ്യോഗസ്ഥനെ എംഡി സ്ഥാനത്തുനിന്നു മാറ്റിനിർത്തലോ മറ്റ് അച്ചടക്കനടപടികളോ വിശദീകരണം തേടലോ മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല.
ഇതിനിടെ, ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ സംസ്ഥാന വനിതാ കമ്മിഷൻ ഉത്തരവിട്ടിരുന്നു. കേസ് കോടതിയിൽ ആയതിനാൽ അച്ചടക്കനടപടി സ്വീകരിക്കാനാവില്ലെന്ന നിയമോപദേശമാണു ലഭിച്ചതെന്നാണു വകുപ്പ് അധികൃതരുടെ നിലപാട്. കേസിൽ മേയിൽ കുറ്റപത്രം സമർപ്പിച്ചതായും കോടതി അതു സ്വീകരിച്ചതായും പട്ടണക്കാട് പൊലീസ് വ്യക്തമാക്കി.