‘തെറ്റുകാരൻ മന്ത്രി ആയാലും ശിക്ഷിക്കപ്പെടണം; മുകേഷ് വിഷയത്തിൽ പാർട്ടി സെക്രട്ടറിയുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നു’
Mail This Article
കോട്ടയം∙ തെറ്റുകാരൻ എംഎൽഎ അല്ല മന്ത്രി ആയാലും ശിക്ഷിക്കപ്പെടണമെന്നു മന്ത്രി ചിഞ്ചുറാണി. മുകേഷ് വിഷയത്തിൽ സിപിഐ നിലപാട് എന്താണെന്ന് ഞങ്ങളുടെ പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ മാത്രം നിലപാടല്ല. ഞങ്ങൾ എല്ലാവരുടെയും നിലപാടാണ്. പാർട്ടി പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നു. മുകേഷ് തെറ്റുകാരനാണോ അല്ലയോ എന്നെല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും ചിഞ്ചുറാണി മനോരമ ഓൺലൈനിനോട് പറഞ്ഞു.
മുകേഷും ചിഞ്ചുറാണിയും നിയമസഭയിൽ കൊല്ലം ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളാണ്. മുകേഷ് രാജിവയ്ക്കണമെന്ന നിലപാടു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് അറിയിച്ചതിനു പിന്നാലെ സംസ്ഥാന മന്ത്രിസഭയിലെ വനിതാ അംഗം കൂടി പരസ്യ നിലപാട് സ്വീകരിച്ച് രംഗത്തെത്തുന്നത് സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കും.
‘‘സിപിഐ നിലപാട് സ്ത്രീപക്ഷമാണ്. എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടണം. വിഷയത്തില്‍ സിപിഐയില്‍ ഭിന്നാഭിപ്രായമില്ല. ഒരു കുറ്റവാളിയും രക്ഷപ്പെടാൻ പാടില്ല. കുറ്റവാളികൾക്കെതിരെ കർശന നിലപാടുമായി സർക്കാർ മുന്നോട്ടുപോകണം. ഇരകൾക്ക് അനുകൂലമായ നിലപാടാണു സർക്കാർ സ്വീകരിക്കേണ്ടത്. പാർട്ടിയുടെയും എന്റെയും ആഗ്രഹം അതാണ്’’ – ചിഞ്ചുറാണി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെയാണു സിനിമ മേഖലയിലെ ലൈംഗിക ചൂഷണം സർക്കാരിനു മനസിലാക്കാൻ സാധിച്ചതെന്നും ചിഞ്ചുറാണി പറഞ്ഞു. ഒരിക്കലും നീതികരിക്കാനാകാത്ത കാര്യങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ള നല്ലൊരു ടീമിനെയാണ് സർക്കാർ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നതെന്നും ചിഞ്ചുറാണി പറഞ്ഞു.