പ്രതിഷേധങ്ങൾക്കിടെ മുകേഷ് തിരുവനന്തപുരം വിട്ടു; മടക്കം പൊലീസ് സുരക്ഷയോടെ
Mail This Article
തിരുവനന്തപുരം∙ രാജി ആവശ്യത്തിനും പ്രതിഷേധങ്ങൾക്കുമിടെ എം. മുകേഷ് എംഎൽഎ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും മടങ്ങി. പൊലീസ് സുരക്ഷയിലാണു നടൻ തിരുവനന്തപുരത്തുനിന്നും മടങ്ങിയത്. കൊച്ചിയിലേക്കാണു മുകേഷ് പോകുന്നതെന്നാണു സൂചന. പ്രതിഷേധങ്ങൾ കനക്കുന്ന സാഹചര്യത്തിൽ കൊല്ലത്തെ സ്വവസതിയിലേക്ക് അദ്ദേഹം പോകാൻ സാധ്യതയില്ല. അടുപ്പക്കാരായ ചില സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമാണു മുകേഷ് കൊച്ചിയിലേക്കു തിരിച്ചതെന്നാണു വിവരം.
മുകേഷിന്‍റെ രാജിക്ക് സമ്മർദ്ദം ഉയരുന്നതിനിടെ നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ധാർമികത മുൻനിർത്തി മുകേഷ് മാറി നിൽക്കണമെന്ന സിപിഐ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. സമാന കേസുകളിൽ പ്രതികളായ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്‍റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎമ്മിന്‍റെ നിലപാട്.
മഹിളാ കോൺഗ്രസ് ഇന്ന് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനന്ദവല്ലീശ്വരത്തെ എംഎൽഎ ഓഫിസിലേക്ക് മാർച്ച് നടത്തും. വനിതാ കൂട്ടായ്മയായ വിമൺ കലക്ടീവും എംഎൽഎ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിക്കും. മുകേഷിന്‍റെ പട്ടത്താനത്തെ വീട്ടിലേക്ക് ബിജെപിയും പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുകേഷ് രാജി വയ്ക്കും വരെ സമരം തുടരാനാണ് തീരുമാനം. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ എംഎൽഎ ഓഫീസിനും വീടിനും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുകേഷ് കൊച്ചിയിലേക്ക് യാത്ര തിരിച്ചതെന്നാണ് വിവരം.