‘മോഹൻലാലും മമ്മൂട്ടിയും അനുകൂലിച്ചു; ചിലരുടെ എതിർപ്പു കാരണം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടില്ല’
Mail This Article
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമ മേഖലയിലെ എല്ലാ സംഘടനകളും ചേർന്ന് മാധ്യമങ്ങളെ കാണാനുള്ള നിർദേശം ഉയർന്നെങ്കിലും ‘അമ്മ’യിലെ ചില അംഗങ്ങൾ എതിർത്തതു മൂലമാണ് അത് നടക്കാതെ പോയതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണൻ. ‘‘റിപ്പോർട്ട് പുറത്തുവന്ന ശേഷം അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയവര്‍ ബന്ധപ്പെട്ട് കാണണമെന്ന് അറിയിച്ചിരുന്നു. കാരണം സിനിമ മേഖലയെ ബാധിക്കുന്ന കാര്യമാണ്. അതിനുശേഷമാണ് എല്ലാ സംഘടനകൾക്കും കൂടി മാധ്യമങ്ങളെ കാണാമെന്ന ഒരു നിർദേശം മുന്നോട്ടുവച്ചത്. അമ്മയുടെ പ്രസിഡന്റായ മോഹൻലാലും ചർച്ച നടത്തുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന മമ്മൂട്ടിയും അടിസ്ഥാനപരമായി ഇതിനോട് യോജിപ്പുള്ളവരായിരുന്നു.
എന്നാൽ അമ്മയിലെ ചില അംഗങ്ങൾ ഇതിനെ ശക്തമായി എതിർത്തു. അതാണ് ആ കൂടിക്കാഴ്ച നടക്കാതെ പോയത്. അവർ പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ വലിയ പുരോഗമനമുഖവുമായി വരുന്നതും കണ്ടു.’’– ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫെഫ്കയും അതിന്റെ ജനറൽ സെക്രട്ടറിയും മൗനം പാലിക്കുന്നു എന്ന ആരോപണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘‘21 യൂണിയനുകളുടെയും ഫെഡറേഷന്റെ ജനറൽ സെക്രട്ടറി ഇത്രയും ദൂരവ്യാപക അനന്തരഫലങ്ങളുണ്ടാക്കുന്ന റിപ്പോർട്ടിനെക്കുറിച്ച് സംസാരിക്കുമ്പോൾ അത് എല്ലാവരേയും കേട്ടിട്ടായിരിക്കണം എന്നത് സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനമാണ്. അങ്ങനെെയാണ് ആ സംസാരം ഞാന്‍ മാറ്റിവയ്ക്കുന്നത്’’– അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മുഴുവൻ പേരുകളും പുറത്തുവരികയും നിയമപരമായ നടപടികളിലൂടെ അവർ കടന്നു പോവുകയും വേണമെന്ന ഫെഫ്കയുടെ അഭിപ്രായം ആവർത്തിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഫെഫ്കയുടെ അംഗങ്ങൾക്കെതിരെയും ആരോപണങ്ങൾ വരുന്നുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ മുൻനിലപാട് തന്നെയാണ് സംഘടനയ്ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എഫ്ഐആർ റജിസ്റ്റർ ചെയ്തതു കൊണ്ടു മാത്രം നടപടികളിലേക്ക് പോവില്ല. പല വിഷയങ്ങളുമായും ബന്ധപ്പെട്ട് എഫ്ഐആറുകൾ ഇടാറുണ്ട്. എന്നാൽ പൊലീസ് അന്വേഷണത്തിൽ റിപ്പോർട്ട് സമർപ്പിക്കുകയോ കോടതിയിൽ നിന്ന് പരാമർശമോ അറസ്റ്റോ ഉണ്ടായാൽ ആ അംഗം സസ്പെൻഡ് ചെയ്യപ്പെടും. നിരപരാധത്വം തെളിയിച്ചതിനു ശേഷമേ അംഗത്വം തിരികെ കിട്ടൂവെന്ന് അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഫെഫ്കയിലെ വിവിധ സംഘടനകളുടെ യോഗം നടന്നു വരികയാണ്. ഇതിനകം 4 സംഘടനകളുടെ യോഗം കഴിഞ്ഞെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. ‘‘ഓരോ യൂണിയനും റിപ്പോർട്ടിലെ പരാമർശങ്ങളെക്കുറിച്ച് വിശകലനം നടത്തണം. അതിനു ശേഷം അവ ക്രോഡീകരിച്ചുകൊണ്ട് റിപ്പോർട്ട് തയാറാക്കും. 2,3,4 തീയതികളിലായി ഇത് പൂർത്തിയാക്കാനും ഏഴിന് മുഖ്യമന്ത്രിക്ക് സമർപ്പിക്കാനുമാണ് ആലോചിക്കുന്നത്. ഓരോ യൂണിയനിലെയും എക്സിക്യൂട്ടീവ് അംഗങ്ങൾ സ്ത്രീകളുടെ യോഗം വിളിച്ചിരുന്നു. അതിൽ ചിലരുമായി നേരിൽക്കണ്ടു. അതിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാവും. അത് വരുന്ന റിപ്പോർട്ടിലും ഉണ്ടാവും.’’– ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജിവച്ചതിനെക്കുറിച്ചും സംഘടന കമ്മിഷൻ ചോദിച്ചു എന്ന ആരോപണത്തെക്കുറിച്ചും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. ‘‘ഇന്ത്യയിലെ മുഴുവൻ ഫെഡറേഷനുകളിലും ധനകാര്യ തർക്കമുണ്ടാകുന്ന വേളയിൽ യൂണിയന്‍ ഇടപെടുകയും അർഹതപ്പെട്ടത് വാങ്ങിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യുമ്പോൾ 10 ശതമാനം കമ്മിഷൻ സംഘടനയുടെ ക്ഷേമനിധിയിലേക്ക് നൽകുന്ന കീഴ്‍വഴക്കമുണ്ട്. അത് മാത്രമാണ് യൂണിയന്റെ വരുമാനം. ചികിത്സാ സഹായമായും മരിച്ചു കഴിയുമ്പോഴും വിരമിക്കുമ്പോഴുമൊക്കെ അംഗങ്ങൾക്ക് നൽകുന്ന പൈസയിൽ ഇതുമുണ്ട്. ചിലർ അതിൽ ബുദ്ധിമുട്ട് അറിയിച്ച് 5 ശതമാനം തരാം എന്നൊക്കെ പറയാറുണ്ട്. അത് ഞങ്ങൾ അംഗീകരിക്കാറാണ് പതിവ്. അതാണ് ആഷിഖിനോടും പറഞ്ഞത്. ‘സാൾട്ട് ആന്‍ഡ് പെപ്പർ’ സിനിമയുടെ എഴുത്തുകാരായ ശ്യാം പുഷ്കരനും ദിലീഷ് നായരും അക്കാര്യം പാലിക്കുകയും ചെയ്തെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.