പി.വി.അൻവറുമായുള്ള ഫോൺ സംഭാഷണ വിവാദം: പത്തനംതിട്ട എസ്‌പി സുജിത് ദാസ് അവധിയിൽ പ്രവേശിച്ചു
Mail This Article
തിരുവനന്തപുരം∙ പത്തനംതിട്ട എസ്‌പി സുജിത് ദാസ് അവധിയിൽ പ്രവേശിച്ചു. മൂന്നുദിവസത്തേയ്ക്കാണ് അവധി. പി.വി.അൻവറുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അവധിയിൽ പ്രവേശിക്കുന്നത്. എഡിജിപിയെ കാണുന്നതിനായി എസ്‌പി തലസ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ അനുമതി ലഭിക്കാത്തതിനെ തുടർന്ന് പത്തനംതിട്ടയിലേക്ക് മടങ്ങി. തുടർന്ന് അവധിയിൽ പ്രവേശിക്കുകയായിരുന്നു.
മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയിൽനിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്പിക്കു പി.വി.അൻവർ എംഎൽഎ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അൻവറിനെ സുജിത് ദാസ് ഫോണിൽ ബന്ധപ്പെട്ടത്.
‘‘എംഎൽഎ എനിക്കൊരു സഹായം ചെയ്യണം. പരാതി പിൻവലിച്ചാൽ സർവീസിലുള്ളിടത്തോളം കാലം കടപ്പെട്ടവനായിരിക്കും. സഹോദരനായി കാണണം. 25–ാം വയസ്സിൽ സർവീസിൽ കയറിയതാണ്. ആരോഗ്യവും ആയുസ്സുമുണ്ടെങ്കിൽ ഡിജിപി ആയി വിരമിക്കാം. സഹായിച്ചാൽ എന്നും കടപ്പെട്ടവനായിരിക്കും’. എന്നായിരുന്നു സുജിത് പറഞ്ഞത്. ജില്ലാ പൊലീസ് അസോസിയേഷൻ യോഗത്തിൽ, എസ്.ശശിധരനെതിരെ നടത്തിയ അതിരൂക്ഷ വിമർശനത്തിനു പി.വി.അൻവറിനെ സുജിത് ദാസ് അഭിനന്ദിക്കുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്.