കണ്ണൂരിൽ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 16കാരിയെ പീഡിപ്പിച്ചു; മന്ത്രവാദിക്ക് 52 വർഷം തടവ്
Mail This Article
തളിപ്പറമ്പ് (കണ്ണൂർ)∙ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദിയായ 54 വയസ്സുകാരനു 52 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് ബദ്‌രിയ നഗറിൽ താമസിക്കുന്ന ഞാറ്റുവയൽ തുന്തകാച്ചി മീത്തലെ പുരയിൽ ടി.എം.പി. ഇബ്രാഹി (54) മിനെയാണ് ശിക്ഷിച്ചു കൊണ്ട് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷാണ് ഉത്തരവിട്ടത്.
2020 സെപ്റ്റംബർ 9ന് പെൺകുട്ടിയുടെയും ബന്ധുവിന്റെയും കാൽവേദന ചികിത്സിക്കാൻ ആണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഇവരുടെ ശരീരത്തിൽ ജിന്ന് ബാധ ഉണ്ടെന്നും അത് ഒഴിപ്പിച്ചാലെ കാലിന്റെ വേദന മാറുകയുള്ളൂ എന്നും പറഞ്ഞ് പെൺകുട്ടിയെ വീടിന്റെ മുകളിൽ മുറിയിലേക്ക് കൊണ്ടുപോയി. മുറി അടച്ച ശേഷം ഒരു കുപ്പിയിൽ വെള്ളം നൽകുകയും അബോധാവസ്ഥയിലായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ 77,000 രൂപയും ഇയാൾ പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്നും വാങ്ങിയിരുന്നു. പിന്നീട് പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.