ADVERTISEMENT

തിരുവനന്തപുരം∙ നിയമ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയ്‌ക്ക് എതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. സെപ്റ്റംബർ 7ന് കോടതിയിൽ ഹാജരാകാൻ ഗംഗേശാനന്ദയ്‌ക്ക് സമൻസ് അയച്ചു. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.

നേരത്തേ സമർപ്പിച്ച കുറ്റപത്രം കോടതി തിരികെ നൽകിയിരുന്നു. ഈ കുറവുകൾ മാറ്റി ക്രെംബ്രാഞ്ച് ഡിവൈഎസ്പി ഷൗക്കത്തലി വീണ്ടും സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി അംഗീകരിച്ചത്. വീട്ടില്‍ പൂജയ്‌ക്ക് എത്തിയ സ്വാമി തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും പീഡനം സഹിക്ക വയ്യാതെയാണ് താന്‍ സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

കണ്ണമ്മൂലയുളള വീട്ടില്‍ വച്ച് 2017 മേയ് 19ന് പുലര്‍ച്ചെയാണ് സ്വാമിയുടെ ജനനേന്ദ്രിയം യുവതി ഛേദിച്ചത്. ഇതിനു ശേഷം വീടിനു പുറത്തേക്ക് ഇറങ്ങി ഓടിയ പെണ്‍കുട്ടിയെ ഫ്ലൈയിങ് സ്‌ക്വാഡാണ് സ്റ്റേഷനില്‍ എത്തിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വാമിക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് എടുത്തിരുന്നു. ഇതേ മൊഴി മജിസ്‌ട്രേട്ടിനു നല്‍കിയ രഹസ്യ മൊഴിയിലും പെണ്‍കുട്ടി ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ പെണ്‍കുട്ടി പിന്നീട് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വാമി ഒരിക്കലും തന്നെ പീഡിപ്പിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി. സ്വാമി സ്വയം ലിംഗ ഛേദം ചെയ്തതാണെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. പിന്നീട് നിലപാട് മാറ്റിയ സ്വാമി ഉറങ്ങി കിടന്ന തന്നെ ഒരു കൂട്ടം ആള്‍ക്കാര്‍ ആക്രമിച്ച് ലിംഗ ഛേദം നടത്തിയതാണെന്ന് പറഞ്ഞു.

ഇതേത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുകയും പെണ്‍കുട്ടിയും സ്വാമിയുടെ മുന്‍ ശിഷ്യനുമായ കൊല്ലം സ്വദേശി അയ്യപ്പദാസുമായുളള ബന്ധം സ്വാമി എതിര്‍ത്തതാണ് കേസിന് ഇടയാക്കിയ സംഭവം എന്നും വ്യക്തമായി. ഇരുവരുടെയും ബന്ധത്തെ സ്വാമി ശക്തമായി എതിര്‍ത്തതിനാല്‍ ആദ്യം സ്വാമിക്കെതിരെ കേസ് കൊടുക്കാനാണ് പെണ്‍കുട്ടി തീരുമാനിച്ചത്. പിന്നീട് തീരുമാനം മാറ്റി.

സംഭവദിവസം പെണ്‍കുട്ടിയും അയ്യപ്പദാസും കൊല്ലം ബീച്ചില്‍ വച്ച് കണ്ടുമുട്ടി. അവിടെ വച്ചാണ് കൃത്യം നിർവഹിക്കുന്നതിനുളള കത്തി അയ്യപ്പദാസ് കൈമാറിയതെന്നും കണ്ടെത്തി. ഉറങ്ങികിടന്ന തന്റെ ലിംഗം ഛേദിക്കപ്പെട്ടു എന്ന സ്വാമിയുടെ മൊഴി കളവാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പീഡന പരാതിയില്‍ സ്വാമിക്കെതിരെയും ലിംഗ ഛേദത്തിനെതിരെ പെണ്‍കുട്ടിക്കും ആണ്‍ സുഹൃത്ത് അയ്യപ്പദാസിനെതിരെയും വ്യത്യസ്ത കുറ്റപത്രം നല്‍കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

English Summary:

Swami Gangeashananda Charged with Sexual Assault of Law Student in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com