മത വികാരം വ്രണപ്പെടുത്താനാകില്ല: ‘എമർജൻസി’ റിലീസ് വൈകുന്നതിൽ സർക്കാർ, അനീതിയെന്ന് കങ്കണ
Mail This Article
ന്യൂഡൽഹി∙ ബോളിവുഡ് നടയും ബിജെപി എംപിയുമായ കങ്കണ റനൗട്ട് മുഖ്യ കഥാപാത്രമായി എത്തുന്ന ‘എമർജൻസി’ എന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. ചിത്രം വൈകാരിക ഉള്ളടക്കമുള്ളതാണെന്നും മതവികാരം വ്രണപ്പെടുത്താൻ സാധിക്കില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. നിരവധി തവണ റിലീസ് തീയതി മാറ്റിയ ‘എമർജൻസി’ സെപ്റ്റംബർ ആറിന് റിലീസ് ചെയ്യാനാണ് ഒടുവിൽ നിശ്ചയിച്ചിരുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായാണ് ചിത്രത്തിൽ കങ്കണ അഭിനയിക്കുന്നത്.
‘‘ചിത്രവുമായി ബന്ധപ്പെട്ട് ഏതാനും മതസംഘടനകൾ ആശങ്ക അറിയിച്ചിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്താനാകില്ല. ചിത്രത്തിൽ വൈകാരിക ഉള്ളടക്കമുണ്ട്. സർക്കാർ അതിനെ ഗൗരവത്തോടെയാണ് കാണുന്നത്. ’’– സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഇതുവരെ ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ റിലീസ് വൈകുന്നത് നിരുത്സാഹപ്പെടുത്തുന്നതാണെന്ന് വിശേഷിപ്പിച്ച മണ്ഡി എംപി കങ്കണ, ഇത് അനീതിയാണെന്നും കുറ്റപ്പെടുത്തി.
ചിത്രം റിലീസ് ചെയ്യുന്നത് നിരോധിക്കണമെന്ന് നിരവധി സിഖ് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സമുദായത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നായിരുന്നു അവരുടെ ആരോപണം. ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി ചിത്രത്തിന്റെ നിർമാതാക്കൾക്ക് നേരത്തെ നോട്ടിസ് അയച്ചിരുന്നു.