അൻവറിൽ തട്ടി വിവാദങ്ങളുടെ തോഴൻ വീഴുമ്പോൾ; അജിത് കുമാറിനെതിരായ നടപടി 2022ന്റെ തനിയാവർത്തനം
Mail This Article
തിരുവനന്തപുരം∙ ഭരണപക്ഷ എംഎല്‍എയായ പി.വി.അന്‍വറിന്റെ ആരോപണശരങ്ങളേറ്റ് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്.അജിത് കുമാര്‍ വീഴുമ്പോള്‍ നടക്കുന്നത് രണ്ടു വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങളുടെ തനിയാവര്‍ത്തനം. 2022 ജൂണില്‍ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് എം.ആര്.അജിത്കുമാറിനെ മാറ്റിയ സര്‍ക്കാര്‍ വിജിലന്‍സ് ഐജി ആയിരുന്ന എച്ച്.വെങ്കിടേഷിനാണ് പകരം ചുമതല നല്‍കിയത്. ഇത്തവണയും പകരം ചുമതല എച്ച്.വെങ്കിടേഷിനായിരിക്കുമെന്നാണു സൂചന. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയുണ്ടായ വിവാദങ്ങളാണ് അന്ന് അജിത് കുമാറിന്റെ പദവി തെറിപ്പിച്ചത്. ഇത്തവണ പി.വി.അന്‍വര്‍, അജിത് കുമാറിനെതിരെ സ്വര്‍ണക്കടത്ത് പൊട്ടിക്കല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
2022ല്‍ സ്വര്‍ണക്കടത്തു കേസില്‍ സ്വപ്നയുടെ കൂട്ടുപ്രതിയായ പി.എസ്.സരിത്തിന്റെ മൊബൈല്‍ ഫോണ്‍ അനധികൃതമായി പിടിച്ചെടുത്തതു വിവാദമായതിനൊപ്പം സ്വപ്നയുമായി അജിത് കുമാര്‍ വാട്സാപ് കോള്‍ വിളിച്ച വിവരം പുറത്തുവരികയും ചെയ്തിരുന്നു. വാട്സാപ് കോളിന്റെ കാര്യം സ്വപ്ന വെളിപ്പെടുത്തുകയും ഇടനിലക്കാരനായി എത്തിയ ഷാജ് കിരണ്‍ സ്ഥിരീകരിക്കുകയും ചെയ്തതോടെയാണു വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് അജിത്കുമാറിനെ നീക്കിയത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്കു പിന്നാലെയാണ് അവരുടെ സുഹൃത്ത് പി.എസ്.സരിത്തിനെ നാടകീയ നീക്കത്തിലൂടെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. ഫോണ്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. പിന്നാലെ, സ്വപ്ന സുരേഷ് വിജിലന്‍സ് ഡയറക്ടറായിരുന്ന എം.ആര്.അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. തന്നെ സ്വാധീനിക്കാന്‍ സുഹൃത്ത് ഷാജ് കിരണിനെ എം.ആര്.അജിത് കുമാര്‍ വിളിച്ചെന്നായിരുന്നു ആരോപണം. ഷാജ് കിരണുമായുള്ള സംഭാഷണവും അവര്‍ പുറത്തുവിട്ടു. അജിത് കുമാര്‍ ഷാജ് കിരണുമായി സംസാരിച്ചെന്ന് സംസ്ഥാന ഇന്റലിജന്‍സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് സ്ഥാനത്തുനിന്നു പുറത്തായെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപിയായി പൊലീസ് ആസ്ഥാനത്ത് എം.ആര്.അജിത് കുമാര്‍ തിരിച്ചെത്തുകയായിരുന്നു.
മുന്‍പ് സരിത എസ്.നായര്‍ ഉള്‍പ്പെട്ട സോളര്‍ വിവാദത്തിലും അജിത് കുമാറിന്റെ പേര് ഉയര്‍ന്നിരുന്നു. അന്ന് അദ്ദേഹം കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പീഡനപരാതിയുടെ അന്വേഷണത്തിനിടെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്.അജിത് കുമാറിനെതിരെ പരാതിക്കാരി സിബിഐക്കു മൊഴി നല്‍കിയത്. സോളര്‍ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഒത്തുതീര്‍പ്പാക്കാന്‍ അന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അജിത് കുമാര്‍ ഇടപെട്ടെന്നാണു മൊഴി.
വലിയ തുകകളുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കാനുള്ള ചര്‍ച്ചകള്‍ കമ്മിഷണറുടെ ഓഫിസിലാണു നടന്നതെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. അന്ന് 'ടീം സോളര്‍' കമ്പനിയില്‍ പങ്കാളിയായിരുന്ന ബിജു രാധാകൃഷ്ണന് ഓഫിസില്‍ വരാതെയും ഫോണ്‍ വിളിച്ചാല്‍ എടുക്കാതെയും ആയതോടെ അദ്ദേഹത്തെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കമ്മിഷണര്‍ക്കു രേഖാമൂലം പരാതി നല്കി. എന്നാല്‍ പരാതി നല്‍കുന്നത് കമ്പനിയുടെ പ്രതിഛായയെ ദോഷകരമായി ബാധിക്കുമെന്നും ഇടപാടുകാരുമായി ഒത്തുതീര്പ്പിലെത്താനുമായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം'- പരാതിക്കാരിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു.