ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ചരിഞ്ഞ മുറിവാലന്റെ ശരീരത്തിൽ 20 പെല്ലറ്റുകൾ
Mail This Article
ദേവികുളം∙ ചിന്നക്കനാലിൽ ചരിഞ്ഞ മുറിവാലൻ കൊമ്പന്റെ ശരീരത്തിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനിടെ 20 പെല്ലറ്റുകൾ കണ്ടെത്തി. എന്നാൽ ഇതിൽ 19 പെല്ലറ്റുകളും ട്വൽവ് ബോർ തോക്കുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ളവയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വന്യജീവികളെ തുരത്താനായി വനം വകുപ്പ് ഉപയോഗിക്കുന്ന തോക്കുകൾ ആണ് ട്വൽവ് ബോർ ആക്ഷൻ തോക്കുകൾ. ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റ മുറിവാലൻ കഴിഞ്ഞദിവസമാണ് ചരിഞ്ഞത്.
ദേവികുളം റേഞ്ചിൽ 4 ട്വൽവ് ബോർ തോക്കുകൾ ആണുള്ളത്. എന്നാൽ ഇവ ഇതുവരെ ഉപയോഗിച്ചിട്ടില്ല. മുറിവാലൻ കൊമ്പന്റെ ശരീരത്തിൽ ഉള്ള പെല്ലറ്റുകൾ എയർഗൺ പോലുള്ള തോക്കുകൾ ഉപയോഗിച്ച് വെടിവച്ചതാകാം എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇടത്തരം വലുപ്പത്തിലുള്ള ഒരു പെല്ലറ്റും മുറിവാലന്റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ പെല്ലറ്റുകളൊന്നും ആനയുടെ ആന്തരികാവയവങ്ങളിൽ ക്ഷതമേൽപ്പിക്കുന്ന തരത്തിലുള്ളവയല്ല.