ADVERTISEMENT

കോട്ടയം∙ പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ‍ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു നീക്കിയേക്കും. 

ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ കൊടിയ ക്രിമിനാലാണെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പി.വി.അൻവർ എംഎൽഎ ഉന്നയിച്ചത്. രാവിലെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേഷ് സാഹിബും കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ആരോപണങ്ങൾ അന്വേഷിക്കുന്നതാണു നല്ലതെന്ന് മുഖ്യമന്ത്രിയെ ഡിജിപി ധരിപ്പിച്ചെന്നാണു വിവരം. ഇതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. 

പൊലീസ് സേനയിൽ അച്ചടക്കത്തിന്റെ പ്രാധാന്യം പ്രസംഗത്തിൽ മുഖ്യമന്ത്രി ഓർമിപ്പിച്ചു. പൊലീസ് അച്ചടക്കത്തിൽനിന്നു വ്യതിചലിക്കരുത്. പൊലീസിൽനിന്നു നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസം ഇപ്പോഴും പൊതുസമൂഹത്തിനുണ്ട്. ഇത്തരം മാറ്റങ്ങൾക്കു നേരെ മുഖം തിരിഞ്ഞുനിൽക്കുന്ന ചെറിയൊരു വിഭാഗം ഇപ്പോഴും സേനയിൽ ഉണ്ടെന്നുള്ളത് ഗൗരവകരമായ കാര്യമാണ്. ഇത്തരക്കാരുടെ പ്രവർത്തനമാണു പൊലീസ് നേടിയ സൽപ്പേരിനെ കളങ്കപ്പെടുത്തുന്നത്. ഒരാൾ ചെയ്യുന്ന തെറ്റ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്ന നിലയിലേക്ക് എത്തുന്നു. അവരെ സംബന്ധിച്ച് സർക്കാരിന് കൃത്യമായ വിവരങ്ങളുണ്ട്. അത്തരക്കാരെ കേരളത്തിൽ പൊലീസ് സേനയിൽ ആവശ്യമില്ല എന്ന നിലപാടാണു പൊതുവേ സർക്കാരിനുള്ളത്. ഈ കാഴ്ചപ്പാടോടെ ഇത്തരത്തിലുള്ള പുഴുക്കുത്തുകളെ കേരളത്തിന്റെ ജനകീയ സേനയിൽനിന്ന് ഒഴിവാക്കാൻ തയാറായിട്ടുണ്ടെന്നും കഴിഞ്ഞ എട്ടു വർഷത്തിനിടെ 108 പൊലീസ് ഉദ്യോഗസ്ഥരെയാണു പുറത്താക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Pinarayi Vijayan speak in police association meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com