ADVERTISEMENT

തിരുവനന്തപുരം ∙ പി.വി.അൻവർ ഉയർത്തിവിട്ട ആരോപണങ്ങളുടെ കേന്ദ്രബിന്ദു എഡിജിപി എം.ആർ.അജിത്കുമാറാണെങ്കിലും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ആശീർവാദത്തോടെ ലക്ഷ്യമിടുന്നതു പി.ശശിയെത്തന്നെ. ഇത്തവണത്തെ പാർട്ടി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവേശനവും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരി സീറ്റും മോഹിക്കുന്ന ശശിക്കെതിരെ പഴയ കണ്ണൂർ എതിരാളികൾ തന്നെയാണു കൈകോർത്തിരിക്കുന്നത്. സിപിഎം നേതാക്കളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ പി.വി.അൻവർ അടുത്ത ബന്ധം സൂക്ഷിക്കുന്നതു പി.ജയരാജനുമായാണ് എന്നതും ഇതുമായി കൂട്ടിവായിക്കാം. കണ്ണൂരിലും പുറത്തുമുള്ള ഏതാനും കേന്ദ്ര കമ്മിറ്റിയംഗങ്ങളും പുതിയ നീക്കത്തെ പിന്താങ്ങുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അധികാരം ശശിയിലേക്കും യുവമന്ത്രിയിലേക്കും കേന്ദ്രീകരിക്കുന്നതിൽ അസ്വസ്ഥതയുള്ള ചില മന്ത്രിമാരുടെ മൗനാനുവാദവും പുതിയ നീക്കത്തിനുണ്ട്. മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്തു നിർത്താതെ, ശശിയെ മാത്രം ഉന്നംവയ്ക്കുന്ന സൂക്ഷ്മത ഇവരുമായി ബന്ധപ്പെട്ട സമൂഹമാധ്യമ ഗ്രൂപ്പുകളും പുലർത്തുന്നു. ‘പുറത്തുവരുന്ന വാർത്തകൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെങ്കിലും മുഖ്യമന്ത്രിയിൽ വാനോളം പ്രതീക്ഷയുണ്ട്’ എന്നാണ് പി.ജയരാജൻ ആരാധകർ കൂടുതലുള്ള റെഡ് ആർമി ഗ്രൂപ്പിൽ വന്ന പോസ്റ്റ്. ‘തിരുത്തൽ ശക്തി’യെന്ന പ്രതീതിയുണ്ടാക്കാനാണ് ഈ വിഭാഗം ശ്രമിക്കുന്നത്. പല കാരണങ്ങളാൽ ശശിയോട് എതിർപ്പുള്ള മുഴുവൻ പേരെയും കൂട്ടിയിണക്കാനുള്ള ഈ പരിശ്രമത്തിലേക്കാണ് അൻവറും കാരാട്ട് റസാഖുമെല്ലാം എത്തുന്നത്.പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടശേഷം ജില്ലാ കമ്മിറ്റിയിലേക്കും അതിവേഗം സംസ്ഥാന കമ്മിറ്റിയിലേക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്കും മടങ്ങിയെത്തിയ ശശി കണ്ണൂർ രാഷ്ട്രീയത്തിൽ ശക്തി തെളിയിക്കാനുള്ള അവസരം കാത്തിരിക്കുകയാണ്. 

എം.വി.ജയരാജൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽക്കാലികമായി സ്ഥാനമൊഴിഞ്ഞപ്പോൾ ആക്ടിങ് സെക്രട്ടറിയാകാൻ ശശി ശ്രമം നടത്തിയിരുന്നു. സിപിഎമ്മിന്റെ 2 ടേം മാനദണ്ഡപ്രകാരം എ.എൻ.ഷംസീർ ഒഴിഞ്ഞാൽ 2026 ൽ തലശ്ശേരി സീറ്റിൽ മത്സരിക്കാൻ ശശിക്കു താൽപര്യമുണ്ട്. 

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും ശശി ആഗ്രഹിക്കുന്നു. ഇ.പി.ജയരാജൻ രാഷ്ട്രീയത്തിൽനിന്നു വിട്ടുനിന്നാൽ പിണറായിക്കും എം.വി.ഗോവിന്ദനും ശേഷം കണ്ണൂർ ജില്ലയിലെ പ്രധാന നേതാവായി ഉയരാൻ ഇതുവഴി കഴിയും. സംസ്ഥാന സമിതിയിൽ പി.ജയരാജനെക്കാൾ സീനിയറാണു ശശി. തിരുത്താനുള്ള ശ്രമമെന്നു പറയുമ്പോഴും നേതാക്കളുടെ ബലപരീക്ഷണമാണ് യഥാർഥത്തിൽ നടക്കുന്നത്. ഇ.പി.ജയരാജനെതിരെ നടപടിയെടുത്ത പശ്ചാത്തലം ശശിക്കെതിരെ നീങ്ങുന്നവർക്കു പ്രതീക്ഷ നൽകുന്നു.

English Summary:

Allegation raised by PV Anwar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com