‘അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു’; നിവിൻ പോളിക്ക് എതിരെ കേസ്
Mail This Article
കൊച്ചി∙ നടൻ നിവിൻ പോളിക്ക് എതിരെ പീഡന കേസ് റജിസ്റ്റർ ചെയ്തു. എറണാകുളം ഊന്നുകൽ പൊലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് നിവിൻ പോളി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ ആറാം പ്രതിയാണ്. നിർമാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി.
കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം. നിവിൻ പോളിക്കെതിരായ അന്വേഷണം എസ്ഐടി സംഘം ഏറ്റെടുക്കും. കോട്ടയം സ്വദേശിനി ശ്രേയ, സിനിമാ നിർമാതാവ് തൃശൂർ സ്വദേശി എ.കെ.സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ, നിവിൻ പോളി എന്നിവരാണ് ഒന്ന് മുതൽ ആറുവരെ പ്രതികൾ.
കഴിഞ്ഞ നവംബറിൽ യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്തു ശ്രേയയാണു യുവതിയെ ദുബായിലെത്തിച്ചത്. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് ദുബായിലെ ഹോട്ടൽ മുറിയിൽ വച്ചു 2 മുതൽ 6 വരെ പ്രതികൾ പീഡിപ്പിച്ചതായാണ് മൊഴി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളിൽ എറണാകുളത്ത് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11 ആയി.